Sorry, you need to enable JavaScript to visit this website.

തേച്ചില്ലെ പെണ്ണേ...  

സ്വാസിക

കട്ടപ്പനയിലെ ഋത്വിക് റോഷനിൽ തേപ്പുകാരിയായി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച അഭിനേത്രിയാണ് സ്വാസിക. ഏറെക്കാലം പ്രണയിച്ചുനടന്ന കാമുകനായ ജിയോയെ പിന്തള്ളി പണത്തിനും പ്രശസ്തിക്കും വേണ്ടി മറ്റൊരുത്തനെ വിവാഹം കഴിച്ച നീതുവിനെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് സ്വാസിക.
മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകമനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു ഈ കലാകാരി. അഭിനയം മാത്രമല്ല, നല്ലൊരു നർത്തകി കൂടിയാണ് സ്വാസിക. 


കലയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽനിന്നായിരുന്നു സ്വാസികയുടെ വരവ്. കുട്ടിക്കാലംതൊട്ടേ നൃത്ത രംഗത്തും നാടക രംഗത്തും ശ്രദ്ധ ചെലുത്തിയിരുന്നു. സ്‌കൂൾ കലോത്സവവേദികളിൽ തിളങ്ങിനിന്നിരുന്ന കാലത്ത് ഒരു മാഗസിന്റെ മുഖചിത്രമായതാണ് സിനിമയിലേക്കുള്ള വഴിത്തിരിവായത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. അക്കാലത്താണ് തമിഴ് സംവിധായകൻ സുന്ദർ പുതിയ ചിത്രത്തിലേയ്ക്കായി ഒരു പുതുമുഖത്തെ തേടി കേരളത്തിലെത്തുന്നത്. അദ്ദേഹം മാഗസിൻ ഫോട്ടോ കണ്ട് ഒഡീഷന് ക്ഷണിച്ചു. ഒഡീഷനിലെ മികച്ച പ്രകടനമാണ് തമിഴ് ചിത്രത്തിലേയ്ക്കുള്ള അവസരമൊരുക്കിയത്. പ്രേമകഥയായ വൈഗയിൽ ഉമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആദ്യചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ വീണ്ടും തമിഴിൽനിന്നും അവസരങ്ങളെത്തി. ഗോരിപാളയത്തിൽ പാർവതിയായും മൈതാനത്തിൽ ശാന്തിയായും കണ്ടതും കാണാത്തതും എന്ന ചിത്രത്തിൽ കവിതയായുമെല്ലാം വേഷമിട്ടു. ചെന്നൈയിൽ താമസിക്കാൻ താൽപര്യമില്ലാത്തതിനാൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല.


അതോടെ മലയാളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നായി. ശ്യാം ഗോപാൽ സംവിധാനം ചെയ്ത കാറ്റുപറഞ്ഞ കഥയിൽ വേഷമിട്ടു. അയാളും ഞാനും തമ്മിൽ, സിനിമാ കമ്പനി, ഒറീസ, ബാങ്കിംഗ് അവേഴ്‌സ്, പ്രഭുവിന്റെ മക്കൾ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. മലയാളത്തിലും അവസരങ്ങൾ കുറഞ്ഞപ്പോഴാണ് ശ്രീശങ്കര കോളേജിൽ ഭരതനാട്യം ബിരുദപഠനത്തിന് ചേർന്നത്. പഠനത്തോടൊപ്പം സീരിയലിലും വേഷമിട്ടുതുടങ്ങി. മഴവിൽ മനോരമയിലും ഏഷ്യാനെറ്റിലും ഫ്‌ളവേഴ്‌സിലുമെല്ലാം കുടുംബ സദസ്സുകളുടെ ഇഷ്ടക്കാരിയായി സ്വാസികയെത്തി.
ദത്തുപുത്രി എന്ന പരമ്പരയിൽ മീനുവായും കൺമണിയായും വേഷമിട്ടതിലൂടെ മികച്ച നടിക്കുള്ള മിനിസ്‌ക്രീൻ അവാർഡിനും സ്വാസിക അർഹയായി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചിന്താവിഷ്ടയായ സീതയും ഫ്‌ളവേഴ്‌സ് ടി.വിയിലെ കട്ടുറുമ്പുമെല്ലാം സ്വാസികയ്ക്ക് ജനപ്രീതി നേടിക്കൊടുത്ത പരമ്പരകളായിരുന്നു.
സിനിമയിൽനിന്നും സീരിയലിലേയ്‌ക്കെത്തുമ്പോൾ ഒട്ടേറെ മാറ്റങ്ങളാണ് അനുഭവപ്പെട്ടത്. സിനിമയ്ക്കു വിഭിന്നമായി സീരിയലിൽ ഒരു ദിവസംതന്നെ ഒട്ടേറെ സീനുകളെടുക്കേണ്ടിവരും. എന്നിരുന്നാലും തനിക്ക് ഏറെ ജനപ്രീതി ലഭിച്ചത് സീരിയലുകളിലൂടെയായിരുന്നുവെന്ന് സ്വാസിക പറയുന്നു. അഭിനേതാവിനെ സംബന്ധിച്ചിടത്തോളം സിനിമയെന്നോ സീരിയലെന്നോ ഉള്ള വ്യത്യാസമില്ലാതെ അഭിനയിക്കുക എന്നതാണ് പ്രധാനം. കൂടാതെ ആങ്കറിംഗ്, സ്റ്റേജ് ഷോ എന്നിവയിലൂടെയും സജീവമായി. സ്റ്റേജ് ഷോകളിലൂടെ നല്ലൊരു നർത്തകിയെന്ന് തെളിയിക്കാനും സ്വാസികയ്ക്ക് കഴിഞ്ഞു. 
പരമ്പരയിൽ സജീവമായിരിക്കേയാണ് നാദിർഷായുടെ കട്ടപ്പനയിലെ ഋത്വിക് റോഷനിലേയ്ക്ക് ക്ഷണമെത്തുന്നത്. ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപ്പെടുമെന്നതിനാൽ അഭിനയിച്ചു. സീരിയൽ നടിമാരെ സിനിമയിൽ അഭിനയിപ്പിക്കുന്നതിൽ പലർക്കും താൽപര്യമില്ല. നാദിർഷയുടെ ഭാര്യ തന്റെ ഒരു നൃത്തപരിപാടി കണ്ടാണ് ക്ഷണിച്ചത്. ബാബു ജനാർദ്ദൻ സംവിധാനം ചെയ്ത സ്വർണ്ണക്കടുവയിലും ബിജു മേനോന്റെ സഹോദരിയായി വേഷമിട്ടു. സ്വർണ്ണക്കടുവയിലെ റിയ ശക്തമായ വേഷമായിരുന്നു. സഹോദരന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കാൻ കഴിയാത്ത തന്റേടിയായിരുന്നു അവൾ.
അപ്രതീക്ഷിതമായിട്ടായിരുന്നു ഈ രണ്ടു ചിത്രങ്ങളിലേയ്ക്കും അവസരം വന്നുചേർന്നത്. കട്ടപ്പനയിലെ തേപ്പുകാരിക്ക് ഇത്ര ജനസമ്മതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അഞ്ചു ദിവസത്തെ ചിത്രീകരണമാണുണ്ടായിരുന്നത്. എങ്കിലും ഇപ്പോഴും ട്രോളുകളിലൂടെയും കോളേജ് വിദ്യാർത്ഥികൾക്കിടയിലുമെല്ലാം തേപ്പുകാരി നിറഞ്ഞുനിൽക്കുകയാണ്. നല്ലൊരു ടീമിനൊപ്പം മികച്ച ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം തോന്നി.

 

സുന്ദർ എല്ലാർ സംവിധാനം ചെയ്ത ഐനയാണ് പുറത്തിറങ്ങാനുള്ള ചിത്രം. നെപ്പോളിയനും നന്ദിനിയും അഭിനയിക്കുന്ന ഐനയിൽ നല്ലൊരു വേഷം തന്നെയാണ് സ്വാസികക്ക്. നാട്ടിൽ എല്ലാവർക്കും വേണ്ടി നല്ലതു മാത്രം ചെയ്യുന്ന സ്റ്റെല്ല എന്ന അധ്യാപികയുടെ വേഷം. ആദ്യതമിഴ് ചിത്രമായ വൈഗയും സംവിധാനം ചെയ്തത് സുന്ദറായിരുന്നു. വർഷങ്ങൾക്കുശേഷം അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയിലും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
ശ്രീജിത് വിജയൻ സംവിധാനം ചെയ്യുന്ന കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിലാണിപ്പോൾ വേഷമിട്ടുവരുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ പൂർവ്വകാമുകിയുടെ വേഷത്തിലാണ് സ്വാസികയെത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ഈ ചിത്രവും പ്രതീക്ഷയോടെയാണ് കാണുന്നത്. കൂടാതെ നവാഗത സംവിധായകനായ എൻ. രാജേഷിന്റെ ചിത്രത്തിലേയ്ക്കും ക്ഷണമുണ്ട്.
കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും സ്വാസികയ്ക്ക് നിഷ്‌കർഷകളുണ്ട്. വെറുതെ വന്നുപോകുന്ന വേഷങ്ങളോട് താൽപര്യമില്ല. എന്തെങ്കിലും പെർഫോം ചെയ്യാനുണ്ടെങ്കിലേ വേഷമിടാറുള്ളു. അത് സിനിമയായാലും സീരിയലായാലും. പുതിയ സംവിധായകരുടെ ചിത്രങ്ങളിൽ വേഷമിടുമ്പോൾ അധ്വാനം കൂടുതലാണ്. എങ്കിലും നല്ലൊരു ടീമിനൊപ്പമാകുമ്പോൾ ഏറെ സന്തോഷത്തോടെ അഭിനയിക്കാറുണ്ട്. 
ഗ്ലാമർ വേഷങ്ങളോടും സ്വാസികയ്ക്ക് താല്പര്യമില്ല. ചിമ്പുവിന്റെ സിലമ്പാട്ടം എന്ന ചിത്രത്തിലേയ്ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അതിലെ പാട്ടുസീനിൽ ഗ്ലാമറസാകാൻ പറഞ്ഞപ്പോൾ സ്വാസിക ആ കഥാപാത്രത്തെ ഉപേക്ഷിക്കുകയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെയാണ് ബാലയുടെ അറവാൻ എന്ന ചിത്രത്തിലുമുള്ള അവസരവും വേണ്ടെന്നുവെച്ചത്. മോഡേണാകുന്നതിൽ തെറ്റില്ല. എന്നാൽ ഗ്ലാമറസാകാൻ ഉദ്ദേശ്യമില്ല.
സീരിയലിൽ സജീവമാകുന്നതിനാലാവണം പലരും സിനിമയിലേയ്ക്ക് ക്ഷണിക്കാത്തത് എന്നൊരു തോന്നലും സ്വാസികയ്ക്കുണ്ട്. എങ്കിലും നമുക്കുള്ളതാണെങ്കിൽ അതിന്റെ സമയത്ത് എത്തുമെന്ന വിശ്വാസവും ഈ കലാകാരി വച്ചുപുലർത്തുന്നു. സീരിയൽ, ആങ്കറിംഗ്, സ്റ്റേജ് ഷോ, സിനിമ... സാധ്യതകൾ പലതും കൈവശമുണ്ടെങ്കിലും എല്ലായിടത്തും നല്ല മത്സരമാണെന്നും സ്വാസിക വെളിപ്പെടുത്തുന്നു.

Latest News