തിരുവനന്തപുരം- ചുരുളി സിനിമയിലെ സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ നിയമലംഘനമില്ലെന്ന് എ.ഡി.ജി.പി പത്മകുമാര്‍ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്. സിനിമയില്‍ പറയുന്നത് ചുരുളി എന്ന സാങ്കല്പിക ഗ്രാമത്തിന്റെ കഥയാണ്. ഭാഷയും സംഭാഷണവും കഥാസന്ദര്‍ഭത്തിന് യോജിച്ചതാണെന്നും ഭരണഘടനാലംഘനമില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്ടിയെന്നും കണ്ടെത്തല്‍. റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം എ.ഡി.ജി.പി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എ.സി.പി എ.നസീമ എന്നിവരാണ് സിനിമ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ചുരുളി പൊതുധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും അതിനാല്‍ ഒടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.