മുംബൈ- താരറാണി ശ്രീദേവിക്കു വിടചൊല്ലാനൊരുങ്ങി ചലച്ചിത്രലോകവും ആരാധകരും. ദുബായില്‍ അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം ലോഖണ്ഡ്വാല ഗ്രീന്‍ ഏക്കേഴ്‌സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലാണ് പൊതുദര്‍ശനത്തിനു വെച്ചിരിക്കുന്നത്. ആയിരങ്ങളാണ് പ്രിയ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകി എത്തുന്നത്.
ഉച്ചക്ക് 12.30 വരെയാണു പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷം ഇവിടെ അനുശോചന സമ്മേളനം ചേരും. രണ്ട് മണിയോടെ വിലാപയാത്ര ആരംഭിക്കുമെന്നും സംസ്‌കാരം വൈകിട്ട് 3.30നു ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടക്കുമെന്നും കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി കുടുംബസുഹൃത്ത് അനില്‍ അംബാനിയുടെ പ്രത്യേകവിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവരാണു വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്. ദുബായിലുണ്ടായിരുന്ന ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍, സഞ്ജയ് കപൂര്‍, റീന മാര്‍വ, സന്ദീപ് മാര്‍വ എന്നിവരുള്‍പ്പെടെ പത്തുപേര്‍ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു.