ന്യൂദല്‍ഹി- നീലച്ചിത്ര നിര്‍മാണ റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ നടി പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി വിലക്കി.
മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ നടി സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസുമാരായ വിനീത് സരണും ബി.വി. നാഗരത്‌നയുടം ഉള്‍പ്പെട്ട ബെഞ്ച് മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസയച്ചു. നോട്ടീസ് കാലയളവില്‍ പരാതിക്കാരിയെ അറസ്റ്റ് ചെയ്യരുതെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
നടി ഷെര്‍ലിന്‍ ചോപ്രയോടൊപ്പം ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പൂനം പാണ്ഡെ കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നവംബര്‍ 25 നാണ് ഹൈക്കോടതി തള്ളിയിരുന്നത്.
അശ്ലീല വീഡിയോകള്‍ വിതരണം ചെയ്തുവെന്ന കേസില്‍ വ്യവസായി രാജ് കുന്ദ്രയുടെ അറസ്റ്റ് കഴിഞ്ഞ മാസം സുപ്രീം കോടതി തടഞ്ഞിരുന്നു. നീലച്ചിത്രങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്തുവെന്ന കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് രാജ് കുന്ദ്രക്കെതിരെ കേസെടുത്തിരുന്നത്.