ന്യൂദല്‍ഹി- ത്രിപുരയില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തി ബി.ജെ.പി സഖ്യം അധികാരത്തിലെത്തുമെന്ന് രണ്ട് എക്‌സിറ്റ് പോള്‍ പ്രവചനം. തെരഞ്ഞെടുപ്പ് നടന്ന മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലും ബി.ജെ.പി നേട്ടമുണ്ടാക്കും.
ത്രിപുരയില്‍ 51 ശതമാനം വോട്ട് കരസ്ഥമാക്കുന്ന ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം 35-45 സീറ്റ് നേടുമെന്ന് ജന്‍കിബാത്ത്-ന്യൂസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോളില്‍ ബി.ജെ.പി സഖ്യത്തിന് 44-50 സീറ്റാണ് പ്രവചിക്കുന്നത്. ഇടതുമുന്നണിക്ക് 14-23 സീറ്റ് ജന്‍കി ബാത്ത് പ്രവചിക്കുമ്പോള്‍ 9-15 സീറ്റാണ് ആക്‌സിസ് മൈഇന്ത്യ നല്‍കുന്നത്.
അതേസമയം സി.പി.എം 26-34 സീറ്റും ബി.ജെ.പി സഖ്യം 24-32 സീറ്റും നേടുമെന്നാണ് സിവോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.
കോണ്‍ഗ്രസ് അധികാരത്തിലുള്ള മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 23-17 സീറ്റും ബി.ജെ.പി 8-12 സീറ്റും കരസ്ഥമാക്കുമെന്ന് ജന്‍കിബാത്ത് ന്യൂസ് എക്‌സ് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 13-17 സീറ്റാണ് നല്‍കുന്നത്. നാഗാലാന്‍ഡില്‍ ബി.ജെ.പി-എന്‍.ഡി.ഡി.പി സഖ്യം 27-32 സീറ്റ് നേടി ഭരണകക്ഷിയായ എന്‍.പി.എഫിനെ തകര്‍ക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മൂന്ന് സംസ്ഥാനങ്ങളിലും 60 സീറ്റാണ് അംഗബലം. വ്യക്തമായ ഭൂരിപക്ഷത്തിന് 31 സീറ്റ് ലഭിക്കണം.