ചെന്നൈ- കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി തമിഴ്നാട്. ഇന്ന് വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. തമിഴ്നാട്ടില്‍ 23,989 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച മുതലാണ് തമിഴ്നാട്ടില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി തുടങ്ങിയത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരില്‍ 8,963 രോഗികള്‍ ചെന്നൈയില്‍ നിന്ന് മാത്രമാണ്. അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം 2,68,833 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 3,68,50,962 ആയി. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ ഒമിക്രോണ്‍ കേസുകള്‍ 6,041 ആയി.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായി രേഖപ്പെടുത്തി. ഇന്നലെ 14.78 ശതമാനത്തില്‍ നിന്ന് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനമായി. രാജ്യത്ത് 24 മണിക്കൂറിനിടെ 402 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 485,752 ആയി. സജീവ കോവിഡ് കേസുകള്‍ 14,17,820 ആയി ഉയര്‍ന്നു.