ചെന്നൈ- മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ തിങ്കളാഴ്ച നടന്ന ഒരു പരിപാടിയിൽ സംസ്‌കൃതത്തിലുള്ള മതപരമായ സ്വാഗത ഗാനം ആലപിച്ചതിനെ ചൊല്ലി തമിഴ്‌നാട്ടിൽ വിവാദം. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗകരി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് സംസ്‌കൃത ഗാനം ആലപിച്ചത്. കേന്ദ്ര സർക്കാർ തമിഴ് ഭാഷയേയും സംസ്‌കാരത്തേയും അവഗണിക്കുകയാണെന്നാരോപിച്ച് വിവിധ പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥികളും രംഗത്തെത്തി. ഹിന്ദി, ഹിന്ദു, സംസ്‌കൃത ആശയങ്ങൾ സംസ്ഥാനത്ത് അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിതെന്നും അവർ ആരോപിച്ചു.
ഐഐടിയിൽ പുതുതായി തുടങ്ങുന്ന നാഷണൽ ടെക്‌നോളജി സെന്റർ ഫോർ പോർട്‌സ്, വാട്ടർവേയ്‌സ് ആന്റ് കോസ്റ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് വിവാദം ഗാനം ആലപിച്ചത്. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനും ഐഐടി ഡയറക്ടർ ഭാസ്‌ക്കർ രാമമൂർത്തിയുടെ ചടങ്ങിൽ പങ്കെടുത്തിരുന്നു. മഹാ ഗണപതിം എന്ന ഗാനമാണ് വിദ്യാർത്ഥി സംഘം ആലപിച്ചത്. പരമ്പരാഗതമായി തമിഴ് തായ് വാഴ്ത്തു ആണ് തമിഴ്‌നാട്ടിലെ ഔദ്യോഗിക പരിപാടികളിൽ ആലപിക്കാറുള്ളത്.
തമിഴ് സ്വത്വത്തിനും സംസ്‌കാരത്തിനുമേലും കയ്യേറ്റം നടത്താനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം കെ സ്റ്റാലിൻ പ്രതികരിച്ചു. ഇത് സംഘപരിവാർ നിയന്ത്രിക്കുന്ന നരേന്ദ്ര മോഡി സർക്കാർ കരുതിക്കൂട്ടി ചെയ്തതാണെന്നും കേന്ദ്രത്തിന്റെ ധാർഷ്ഠ്യമാണിതെന്നും എംഡിഎംകെ നേതാവ് വൈക്കോ പറഞ്ഞു. ഈ നീക്കം ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാനുള്ള മറ്റൊരു നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ ആരോപിച്ചു. ഐഐടിയിലെ എല്ലാ പരിപാടികളിലും തമിഴ് ദേശീയഗാനം ചൊല്ലുന്നത് സർക്കാർ നിർബന്ധമാക്കണമെന്ന് പിഎംകെ നേതാവ് എസ് രാംദോസ് ആവശ്യപ്പെട്ടു.