ലഖ്നൗ- ബിജെപിയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവച്ച യുപിയിലെ രണ്ടു മന്ത്രിമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സൈനി എന്നിവരാണ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ എസ്പിയില് ചേര്‍ന്നത്. ഇവര്‍ക്കൊപ്പം ബിജെപി എംഎല്‍എമാരായ റോഷന്‍ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, മുകേഷ് വര്‍മ, വിനയ് ശക്യ, ഭഗവതി സാഗര്‍ എന്നിവരും എസ്പിയില് ചേര്‍ന്നു. ബിജെപി സഖ്യകക്ഷിയായ അപ്ന ദള്‍ നേതാവ് ചൗധരി അമര്‍ സിങും ഇവര്‍ക്കൊപ്പം എസ്പിയിലെത്തി.
ഇന്ന് ബിജെപിയുടെ അന്ത്യത്തിന്റെ കാഹളം മുഴങ്ങിയിരിക്കുകയാണ്. രാജ്യത്തേയും സംസ്ഥാനത്തേയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപി കണ്ണില്‍ പൊടിയിട്ട് ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു. ഇവരെ തുടച്ചു നീക്കേണ്ടതുണ്ട്. ഉത്തര്‍ പ്രദേശിനെ ചൂഷണത്തില്‍ നിന്നും സ്വതന്ത്രമാക്കേണ്ടതുണ്ട്- എസ്പിയില് ചേര്‍ന്ന ശേഷം സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.
ബിജെപി വിട്ട ശേഷം അടുത്ത രാഷ്ട്രീയ നീക്കം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് മൗര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എസ്പിയില് ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നുവെങ്കിലും അദ്ദേഹം ഇതിനെ കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിരുന്നില്ല.