ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ ഏഴാമത്തെ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു. പിന്നാക്ക സമുദായ നേതാവ് മുകേഷ് വര്‍മയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. രാജിക്കു പിന്നാലെ മുകേഷ് കഴിഞ്ഞ ദിവസം രാജിവച്ച മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ വീട്ടിലെത്തി. മൂന്ന് ദിവസത്തിനിടെ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ ഏഴു നേതാക്കളാണ് ബിജെപി വിട്ടത്. ഇവരെല്ലാം പിന്നാക്ക സമുദായ നേതാക്കളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളോട് കാണിച്ചത് അവഗണനയാണെന്നും ജനപ്രതിനിധികളെ പോലും മാനിച്ചില്ലെന്നും മുകേഷ് വര്‍മ രാജിക്കത്തില്‍ ആരോപിച്ചു. നേരത്തെ രാജിവച്ച നേതാക്കളും ഇതേ വാദമാണ് ഉന്നയിച്ചത്. ഒരു പടി കൂടി കടന്ന് മുകേഷ് വര്‍മ മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം എന്നു കൂടി വിശേഷിപ്പിച്ചു. സര്‍ക്കാര്‍ ദളിതരേയും പിന്നാക്ക സമുദായങ്ങളേയും കര്‍ഷകരേയും തൊഴില്‍രഹിതരായ യുവജനങ്ങളേയും ചെറുകിട വ്യവസായങ്ങളേയും അടിച്ചമര്‍ത്തുകയാണ് ചെയ്തതെന്നും മുകേഷ് വര്‍മ ആരോപിച്ചു.