വാഷിംഗ്ടണ്‍- കോവിഡ് പോസിറ്റീവായ മകനെ കാറിന്റെ ഡിക്കിയില്‍ പൂട്ടിയിട്ട അധ്യാപിക അറസ്റ്റില്‍. യു.എസിലെ ടെക്‌സസില്‍ അധ്യാപികയായ സാറാ ബീമി(41)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച 13 വയസ്സുള്ള മകനെയാണ് സാറ കാറിന്റെ ഡിക്കിയില്‍ പൂട്ടിയിട്ടത്. ആദ്യം നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കാനായി സാറ മറ്റൊരു ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രത്തിലേക്ക് കുട്ടിയെ കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോവുകയായിരുന്നു. ഇവിടെവെച്ച് ചിലര്‍ കാറിന്റെ ഡിക്കിയില്‍നിന്ന് കുട്ടിയുടെ ശബ്ദം കേട്ടു. തുടര്‍ന്ന് യുവതിയോട് കാര്യം തിരക്കിയപ്പോളാണ് മകന്‍ ഡിക്കിയ്ക്കുള്ളിലുണ്ടെന്ന് ഇവര്‍ വെളിപ്പടുത്തിയത്.
പരിശോധന നടത്തേണ്ട കുട്ടി ഡിക്കിയ്ക്കുള്ളിലാണെന്ന് പറഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്താന്‍ തയ്യാറായില്ല. കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തിയാലേ സ്രവം ശേഖരിക്കുകയുള്ളൂവെന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ നിലപാട്.
അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും അതിനുശേഷമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും പോലീസ് അറിയിച്ചു. ഭാഗ്യവശാല്‍ കുട്ടിക്ക് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.