അല്‍മാത്തി-കസാഖിസ്ഥാനില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രാജ്യത്ത് തുടരുന്ന പ്രതിഷേധം അടിച്ചമര്‍ത്താന്‍ റഷ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം കൂടുതല്‍ സൈനികരെ അയച്ചു.
ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം കസഖിസ്ഥാനെ ഏറ്റവും വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കയാണ്. പ്രതിഷേധം വ്യാപകമായതെടെ ദശാബ്ദങ്ങള്‍ക്കിടെ ഏറ്റവും വലിയ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്.
വിദേശത്ത് പരിശീലനം ലഭിച്ച ഭീകര സംഘങ്ങളാണ് കുഴപ്പമുണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് കാസിം ജോമാര്‍ട്ട് തൊകായേവ് റഷ്യയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സംഘടനയോട് (സി.എസ്.ടി.ഒ) സഹായം തേടിയത്. അഞ്ച് മുന്‍ സോവിയറ്റ് രാഷ്ട്രങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് സി.എസ്.ടി.ഒ.
കസാഖിസ്ഥാന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം റഷ്യയുടേയും മറ്റും സി.എസ്.ടി.ഒ അംഗരാഷ്ട്രങ്ങളുടേയും സൈനിക യൂനിറ്റുകള്‍ ഇടപെടുകയായിരുന്നു. രാജ്യത്തെ സ്ഥിതിഗിതികള്‍ സാധാരണനിലയിലാക്കാനാണ് പരിമിത സമയത്തേക്ക് കസാഖിസ്ഥാനിലേക്ക് സമാധാന സേനയെ അയച്ചതെന്ന് സി.എസ്.ടി.ഒ പ്രസ്താവനയില്‍ പറഞ്ഞു.
സംഘര്‍ഷം കണക്കിലെടുത്ത് അല്‍മാത്തിയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ അറേബ്യയും ഫ്ളൈ ദുബായിയും താല്‍ക്കാലികമായി നിര്‍ത്തി.