പാലക്കാട്- മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തതായി പോലീസ്. 16 പേരാണ് അറസ്റ്റിലായത്. കൊലപാതക കുറ്റം ചുമത്തിയ പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. തലയ്‌ക്കേറ്റ് അടിയാണ് മധുവിന്റെ മരണത്തിനു കാരണമായതെന്ന് പോസ്റ്റ്‌മോര്‍്ട്ടത്തില്‍ വ്യക്തമായതോടെയാണ് 16 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ഇവരെ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും അഗളി ഡിവൈ.എസ്.പി ടി.കെ സുബ്രമണ്യന്‍ അറിയിച്ചു.
അതിനിടെ സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് കേന്ദ്ര ആദിവാസികാര്യ മന്ത്രി ജുവല്‍ ഓറം അറിയിച്ചു. എന്താണു സംഭവിച്ചതെന്നും സര്‍ക്കാര്‍ സ്വീകരികരിച്ച നടപടികളും അടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സഹായം ഉടന്‍ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.