ഗുവാഹത്തി- മേഘാലയയെ വിറപ്പിച്ച ഭീകരൻ സോഹൻ ഡി ഷിറ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാരോ നാഷണൽ ലിബറേഷൻ ആർമി(ജി.എൻ.എൽ.എ)യുടെ സ്വയം പ്രഖ്യാപിത കമാണ്ടർ ചീഫായിരുന്നു സോഹൻ. ഇന്ന് രാവിലെ 11.50നാണ് ഇയാൾ കൊല്ലപ്പെട്ടത്. ഗാരോ ഹിൽസ് പോലീസും മേഘാലയ സ്പെഷ്യൽ ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഡോബു അചാപെക് എന്ന സ്ഥലത്തായിരുന്നു ഏറ്റുമുട്ടൽ. മേഖലയിൽ ഭീകരവിരുദ്ധ വേട്ട ശക്തമാക്കിയതായി പോലീസ് അറിയിച്ചു. മേഘാലയ തലസ്ഥാനമായ ഷില്ലോംഗിൽനിന്ന് 320 കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടൽ നടന്ന സ്ഥലം. ഇവിടെ കഴിഞ്ഞയാഴ്ച്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ജൊന്നാഥൻ എൻ സാംഗ്്മയെ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. ഈസ്റ്റ് ഗാരോ ഹിൽസിൽ നടന്ന സ്ഫോടനത്തിലാണ് എൻ.സി.പി നേതാവും രണ്ടു പാർട്ടി പ്രവർത്തകരും സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടത്. മേഘാലയയിൽ നടക്കാനിരിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നു സാംഗ്്മ. നിരവധി പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഭീകരസംഘടനയാണ് ജി.എൻ.എൽ.എ.