ചെന്നൈ- തമിഴ് രാഷ്ട്രീയം നിർണായക ഘട്ടത്തിൽ എത്തിനിൽക്കേ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സംസ്ഥാന സന്ദർശനം ഇന്ന്. സ്ത്രീകൾക്ക് ഇരുചക്രവാഹനങ്ങൾ വാങ്ങുന്നതിന് കാൽ ലക്ഷം രൂപ സബ്‌സിഡി വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി മോഡി തമിഴ്‌നാട്ടിലേക്ക് എത്തുന്നത്. അമ്മ ടൂ വീലർ പദ്ധതി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ടു വീലറുകൾക്ക് പകുതി പണം സബ്‌സിഡി നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. 2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്.
എ.ഐ.എ.ഡി.എം.കെയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി മോഡി ഇടപെട്ടുവെന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് മോഡിയുടെ തമിഴ്‌നാട് സന്ദർശനം. ജയലളിതയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെയിലുണ്ടായ പ്രശ്‌നങ്ങൾ തീർക്കുന്നതിന് ഇരുവിഭാഗവുമായി മോഡി സംസാരിച്ചുവെന്നായിരുന്നു വെളിപ്പെടുത്തൽ. തമിഴ്‌നാട്ടിൽ സിനിമാതാരങ്ങളായ കമൽ ഹാസനും രജനീകാന്തും പുതിയ പാർട്ടികൾ രൂപീകരിച്ച സഹചര്യത്തിൽ മോഡിയുടെ സന്ദർശനത്തിന് രാഷ്ട്രീയ മാനം കൂടിയുണ്ട്.