പുനെ-പുനെയില്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ മരണം പാലക്കാട് കോങ്ങാട് സ്വദേശിയുടേത്. ഡിസംബര്‍ 12ന് നൈജീരിയയില്നിന്നുവന്ന ചിഞ്ച്വാഡില്‍ താമസിക്കുന്ന 52കാരനാണ് 28ന് പിംപ്രി യശ്വന്ത്റാവു ചവാന് ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്. ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആയിരുന്നു. നൈജീരിയയില്നിന്നുവന്ന സമയത്ത് നടത്തിയ പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം ചിഞ്ച്വാഡിലുള്ള തന്റെ കുടുംബത്തിന്റെകൂടെ താമസിച്ചുവരികയായിരുന്നു. 17ന് നെഞ്ചുവേദനയെത്തുടര്‍ന്ന് ഇദ്ദേഹത്തെ പിംപ്രി യശ്വന്ത്റാവു ചവാന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയതെന്ന് പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്പ്പറേഷന് അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മണ് ഗോഫാനെ പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി ഇദ്ദേഹം പ്രമേഹബാധിതനായിരുന്നെന്നും ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ആളായിരുന്നെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.അധികൃതരുടെ നിര്‍ദേശപ്രകാരം അന്നുതന്നെ പിംപ്രി ഭാട്ട് നഗര്‍ ശ്മശാനത്തില്‍ സംസ്കാരം നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച ഇദ്ദേഹത്തിന്റെ സാംപിളിന്റെ പരിശോധനാ ഫലം 30ന് വന്നിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിക്കുന്നത്.