ചണ്ഡീഗഢ്- മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മുഖമായി ആരേയും ഉയര്‍ത്തി കാണിക്കില്ലെന്ന ഊഹാപോഹങ്ങള്‍ക്ക് സ്ഥിരീകരണം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കില്ലെന്ന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാനും മുതിര്‍ന്ന നേതാവുമായി സുനില്‍ ജാക്കര്‍ വ്യക്തമാക്കി. ഒരു സംയുക്ത നേതൃത്വത്തിന്റെ കീഴിലായിരിക്കും പാര്‍ട്ടി മത്സരിക്കുക എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജോത് സിദ്ദുവിന് ഈ പ്രഖ്യാപനം തിരിച്ചടിയായിരിക്കുകയാണ്. പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് ഇന്നും സിദ്ദു ആവശ്യപ്പെട്ടിരുന്നു.
ജാതി സമവാക്യങ്ങളെ സന്തുലിതമായി നിര്‍ത്താനും പാര്‍ട്ടിക്കകത്തെ ഉള്‍പ്പോര് ഒഴിവാക്കാനുമാണ് മുഖ്യമന്ത്രി മുഖമായി ആരേയം ഉയര്‍ത്തിക്കാട്ടാത്തത്. പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വിവിധ സാമുദായിക പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തികളാകുന്ന ഓരോ സമുദായത്തിലേയും വോട്ട് ബാങ്കില്‍ വിള്ളലുണ്ടാകാതിരിക്കാനാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം.
പ്രചാരണ സമിതിയെ നയിക്കുന്ന മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ദളിത് സിഖും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിദ്ദു ജാട്ട് സിഖും ചാക്കര്‍ ജാട്ട് സമുദായക്കാരനുമാണ്. രണ്ട് ഉപമുഖ്യമന്ത്രിമാരില്‍ സുഖ്ജീന്ദര്‍ സിങ് രണ്‍ധവ ജാട്ട് സിഖും ഒ പി സോണി ഹിന്ദു സമുദായംഗവുമാണ്. ജാതിസമവാക്യത്തിന് കോണ്‍ഗ്രസ് മുന്തിയ പരിഗണനയാണ് നല്‍കുന്നത്.