Sorry, you need to enable JavaScript to visit this website.

എം.ജി.ശ്രീകുമാറിന്റെ നിയമനം: പുനരാലോചനയ്ക്ക് സിപിഎം

തിരുവനന്തപുരം- ഗായകന്‍ എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള ധാരണ വിവാദമായതോടെ സിപിഎം ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുന്നു. കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെയും എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയുടെയും ചെയര്‍മാന്‍മാരാക്കാന്‍ ധാരണയായത്.
എന്നാല്‍ ശ്രീകുമാര്‍ ബിജെപി അനുഭാവി ആണെന്ന ആരോപണം ഉയര്‍ന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വി.മുരളീധരനൊപ്പം വേദി പങ്കിട്ടു പ്രസംഗിക്കുന്ന വിഡിയോ പ്രചരിക്കുകയും ചെയ്തു. നാടക കലാകാരന്‍മാരുടെ സംഘടനയും വിയോജിപ്പു വ്യക്തമാക്കി. ഇടത് അനുഭാവികളടക്കം വിമര്‍ശനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണു വിഷയം പാര്‍ട്ടി വീണ്ടും പരിശോധിക്കുന്നത്. നിര്‍ദേശം ചര്‍ച്ച ചെയ്തതേയുള്ളൂവെന്നും തീരുമാനം എടുത്തിട്ടില്ലെന്നുമാണു പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പരസ്യമായി എല്‍ഡിഎഫിനു പിന്തുണ നല്‍കിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കുന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. 'ഇപ്പോഴുയരുന്ന വിവാദങ്ങള്‍ സംബന്ധിച്ചു കേട്ടുകേള്‍വി മാത്രമേ എനിക്കുള്ളൂ. ഇങ്ങനെയൊരു തീരുമാനം സിപിഎം എടുത്തതായി ഒരാളും എന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി അടക്കം പാര്‍ട്ടിയിലെ കുറച്ചു നേതാക്കളെ മാത്രമേ എനിക്കു പരിചയമുള്ളൂ. വകുപ്പ് മന്ത്രി സജി ചെറിയാനെപ്പോലും പരിചയമില്ല. കേട്ടുകേള്‍വി വച്ച് ഒന്നും പറയാനില്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ല' എം.ജി. ശ്രീകുമാര്‍
 

Latest News