ചെന്നൈ- തമിഴ് ടിവി ഷോയില്‍ പങ്കെടുത്ത് വൈറല്‍ താരമായ ചെങ്കല്‍പേട്ട് സ്വദേശി അരുള്‍വാക്ക് അന്നപൂര്‍ണി ആള്‍ദൈവമായി പ്രത്യക്ഷപ്പെട്ടു. അണിഞ്ഞൊരുങ്ങി ഒരു പീഠത്തിലിരുന്ന് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുകയും ഭക്തര്‍ കാല്ക്കല് വീണ് കരയുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണവും ആരംഭിച്ചു. ഇതോടെ മുങ്ങിയിരിക്കുകയാണ് ആള്‍ദൈവം. ടിവി പരിപാടിയിലൂടെ ലഭിച്ച പ്രസിദ്ധി ദുരുപയോഗം ചെയ്യുകയാണ് ഇവരെന്നും ആക്ഷേപമുണ്ട്.
കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴ് ടിവി പരിപാടിയായ സൊല്‍വതെല്ലാം ഉണ്മൈ എന്ന ഷോയില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അന്നപൂര്‍ണി പങ്കെടുത്തിരുന്നു. ഭര്‍ത്താവും ഒരു കുട്ടിയുമുള്ള അന്നപൂര്‍ണി മറ്റൊരാളുമായി അവിഹിതം ബന്ധത്തിലാണെന്ന വിഷയമാണ് ഷോയില്‍ ചര്‍ച്ച ചെയ്തിരുന്നത്. ഈ വിഡിയോയും നേരത്തെ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ആള്‍ദൈവമായി അന്നപൂര്‍ണി പ്രത്യക്ഷപ്പെട്ടത്. ചെങ്കല്‍പേട്ടിലെ ഒരു കല്യാണ ഹാളില്‍ ജനുവരി ഒന്നിനു പൊതുജനങ്ങള്‍ക്ക് അനുഗ്രഹം നല്കുന്നു എന്ന് അന്നപൂര്‍ണി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.