ന്യൂദല്‍ഹി- വീട്ടില്‍ നിന്ന് ഒളിച്ചോടിയ കാമുകിയെ വിവാഹം ചെയ്ത യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചു. ഇരുവരുടേയും ബന്ധത്തെ കുടുംബ എതിര്‍ത്തിരുന്നു. ഇതുവകവയ്ക്കാതെയാണ് പെണ്‍കുട്ടിയും 22കാരനായ കാമുകനും ഒളിച്ചോടി വിവാഹം ചെയ്തത്. രജോരി ഗാര്‍ഡന്‍ സ്വദേശിയായ യുവാവ് ഡിസംബര്‍ 21നാണ് സാഗര്‍പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച പരാതി നല്‍കാന്‍ ബുധനാഴ്ച പോലീസ് സ്റ്റേഷനില്‍ പോയിരുന്നു. ഇവിടെ നിന്നിറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയുടെ പിതാവും സംഘവും ചേര്‍ന്ന് ബലമായി പിടികൂടി സാഗര്‍പൂരിലെ അവരുടെ വീട്ടിലെത്തിച്ചത്. ഇവിടെ വച്ച് തന്നെ പൊതിരെ തല്ലുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി യുവാവ് പറഞ്ഞു. ദല്‍ഹി എയിംസ് ട്രോമാ സെന്ററില്‍ ചികിത്സയിലാണിപ്പോള്‍ യുവാവ്. ദിവസങ്ങള്‍ക്കു മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്ത് ദല്‍ഹിയില്‍ തിരിച്ചെത്തിയത് അറിഞ്ഞാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെ പിടികൂടിയതെന്നും യുവാവ് പറഞ്ഞു. മര്‍ദനമേറ്റ് അവശനായ യുവാവിനെ സഹോദരനാണ് കണ്ടെത്തി ആശുപത്രിയില്‍ കൊണ്ടുപോയത്. സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ ക്രൂരമായി പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു.
ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഭവം അറിയുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മുത്തശ്ശിയേയും അമ്മായിയേയുമാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തി വരികയാണ്. കൊള്ളയും പണംതട്ടലും അടക്കം മുത്തശ്ശിക്കെതിരെ 60ഓളം കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറേയും ഒരു ഹെഡ് കോണ്‍സ്റ്റബിളിനേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.