ന്യൂദല്‍ഹി- യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്ത കേസില്‍ മുഖ്യപ്രതി ആശിഷ് മിശ്രയുടെ അച്ഛനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ബ്ലാക്ക്‌മെയില്‍ ചെയ്ത 2.5 കോടി രൂപ തട്ടാന്‍ ശ്രമിച്ച അഞ്ചു പേരടങ്ങുന്ന ഹൈടെക്ക് കൊള്ള സംഘം അറസ്റ്റിലായി. സംഘം നിരവധി തവണ മന്ത്രിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലഖിംപൂര്‍ സംഭവത്തില്‍ മന്ത്രിയേയും മകനേയും കുടുക്കുന്ന പുതിയ വിഡിയോ തെളിവ് കൈവശമുണ്ടെന്നും സംഘം അവകാശപ്പെട്ടിരുന്നു. കര്‍ഷകരെ ഇടിച്ചുകൊല്ലാന്‍ ഉപയോഗിച്ച വാഹനം മന്ത്രി അജയ് മിശ്രയുടേതായിരുന്നു. സംഭവം മന്ത്രി പുത്രന്റെ നേതൃത്വത്തില്‍ നടന്ന ആസൂത്രിത കൂട്ടക്കൊലയാണെന്ന പോലീസ് അന്വേഷണ റിപോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. മന്ത്രി സമ്മര്‍ദ്ദത്തിലായ തക്കം നോക്കിയാണ് കൊള്ളസംഘം പണം തട്ടാന്‍ ശ്രമിച്ചത്.
ഡിസംബര്‍ 17നും 23നുമിയില്‍ 40 തവണയാണ് സംഘം ഇന്റര്‍നെറ്റ് കോളിലൂടെ മന്ത്രിയുടെ പിഎയുമായി ബന്ധപ്പെട്ടത്. പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി കോള്‍. മന്ത്രിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മന്ത്രി വിസമ്മതിച്ചിരുന്നു. നോയ്ഡ സെക്ടര്‍ 15ലെ ഒരു പാര്‍ക്കില്‍ നിന്നായിരുന്നു കോളുകള്‍ വന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്റര്‍നെറ്റ് കോള്‍ ആയതിനാല്‍ ഉറവിടം കണ്ടെത്തുക പ്രയാസമായിരുന്നു. ഏറ്റവും അവസാനമായി വിളിച്ചത് വ്യാഴാഴ്ച വൈകീട്ട് 3.30നാണ്. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ കോളുകള്‍ യുഎസ്, റൊമേനിയ എന്നിവടങ്ങളിലൂടെ വഴിതിരിച്ചുവിട്ട കോളുകളാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ രാജ്യങ്ങളുടെ എംബസികളുടെ സഹായത്തോടെയാണ് ഉറവിടം പോലീസ് കണ്ടെത്തിയത്. ചില കോളുകള്‍ വന്നത് നോയ്ഡയില്‍ കോള്‍ സെന്റര്‍ നടത്തുന്ന അമിത് കുമാറിന്റെ ഓഫീസില്‍ നിന്നാണെന്ന് കണ്ടെത്തി. ഇവിടെ നടത്തിയ റെയ്ഡിലാണ് മറ്റു നാലു പേര്‍ കൂടി പിടിയിലായത്. കബിര്‍ വര്‍മ, അമിത് മാജി, നിഷാന്ത് കുമാര്‍, അശ്വനി കുമാര്‍ എന്നിവരാണ് അമിത് കുമാറിനൊപ്പം പിടിയിലായത്.