Sorry, you need to enable JavaScript to visit this website.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

ചെന്നൈ-പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ചെന്നൈയിലായിരുന്നു അന്ത്യം. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കാതെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകരിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ പ്രമുഖനായിരുന്നു കെ.എസ്.സേതുമാധവന്‍. 1951ല്‍ പുറത്തിറങ്ങിയ, സേലം തിയറ്റേഴ്‌സിന്റെ മമയോഗി എന്ന ചിത്രത്തില്‍ രാമനാഥന്റെ സഹായിയായാണു സേതുമാധവന്റെ സിനിമാജ ജീവിതത്തിനു തുടക്കം.
സിംഹള ചിത്രമായ വീരവിജയത്തിലൂടെ 1961ല്‍ സ്വതന്ത്ര സംവിധായകനായി. അസോഷ്യേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ടി.ഇ. വാസുദേവന്‍ 1961ല്‍ നിമിച്ച ജ്ഞാനസുന്ദരിയായിരുന്നു ആദ്യ മലയാള ചിത്രം. തെന്നിന്ത്യന്‍ ചലച്ചിത്ര ഇതിഹാസമായ കമലഹാസനെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിക്കുന്നത് സേതുമാധവന്റെ 'കണ്ണൂം കരളിലൂടെയുമാണ്'. ചിത്രത്തില്‍ സത്യന്റെ മകനായ ബാലതാരമായി ആയിരുന്നു കമല്‍ രംഗത്തെത്തിയത്. ബാലതാരമായി കമലിനെ മലയാളത്തിലെത്തിച്ചതിനു പുറമേ യുവാവായ കമലിനെ മലയാളത്തിലേക്ക് കൊണ്ടു വന്നതും സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന ചിത്രത്തിലൂടെ.കന്യാകുമാരിയില്‍ രംഗത്തെത്തിയ മറ്റൊരു പുതുമുഖമായിരുന്നു നടന്‍ ജഗതി ശ്രീകുമാര്‍. സേതുമാധവന്റെ സിനിമകള്‍ ഏറെയും പിറന്നതു സാഹിത്യരചനകളില്‍ നിന്നായിരുന്നു. മലയാളത്തിലെ മിക്ക പ്രമുഖ എഴുത്തുകാരുടെയും കഥകള്‍ അദ്ദേഹം വെള്ളിത്തിരയില്‍ കൊണ്ടു വന്നു.ആറു ഭാഷകളിലായി 65 സിനിമകള്‍. മലയാള സിനിമാ സങ്കല്‍പങ്ങള്‍ക്ക് ഒട്ടേറെ മാറ്റങ്ങളും വഴിത്തിരിവുകളും നല്‍കിയ സിനിമകള്‍ ഇന്നും പഴയ മനസുകളില്‍ ഹിറ്റാണ്. പുതു തലമുറയ്ക്ക് അവയെല്ലാം അറിവിന്റെ വിജ്ഞാന കേന്ദ്രങ്ങളും.നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. 2010ല്‍ ജെ.ഡി.ഡാനിയല്‍ പുരസ്‌കാരം ലഭിച്ചു. ദേശീയസംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ ജൂറി ചെയര്‍മാനായി ഒന്നിലധികം പ്രാവശ്യമിരുന്നിട്ടുണ്ട്.
1931ല്‍ പാലക്കാട് സുബ്രഹ്മണ്യംലക്ഷ്മി ദമ്പതികളുടെ മകനായാണ് സേതുമാധവന്റെ ജനനം. തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടും ബാല്യം. പാലക്കാട് വിക്ടോറിയ കോളജില്‍നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. ഭാര്യ: വല്‍സല സേതുമാധവന്‍. മക്കള്‍: സന്തോഷ്, ഉമ, സോനുകുമാര്‍
 

Latest News