ചണ്ഡിഗഡ്- എക്‌സൈസ് നിയമം ഭേദഗതി ചെയ്ത് ഹരിയാന സര്‍ക്കാര്‍. മദ്യം കഴിക്കുന്നതിനും വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള പ്രായം 25ല്‍ നിന്നും 21 ആക്കി കുറച്ചു. ബുധനാഴ്ചയാണ് ഹരിയാന നിയമസഭ എക്‌സൈസ് ഭേദഗതി ബില്‍ പാസാക്കിയത്. എക്‌സൈസുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ആറ് ബില്ലുകളാണ് ഹരിയാന നിയമസഭയില്‍ ബുധനാഴ്ച പാസാക്കിയത്.
2021-22ലെ എക്‌സൈസ് നയം രൂപീകരിക്കുന്ന സമയത്ത്, ഡല്‍ഹി ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ അടുത്തിടെ പ്രായപരിധി കുറച്ചതിനാല്‍ ഹരിയാനയിലും പ്രായപരിധി കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അടുത്തിടെ മദ്യപിക്കുന്നതിനുള്ള പ്രായപരിധി ഡല്‍ഹി സര്‍ക്കാരും 21 ആക്കി കുറച്ചിരുന്നു.എക്‌സൈസ് നയത്തിലെ മാറ്റങ്ങള്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് പ്രഖ്യാപിച്ചത്. മാത്രമല്ല ഡല്‍ഹി സര്‍ക്കാര്‍ ഇനി നഗരത്തില്‍ മദ്യവില്‍പനശാലകള്‍ നടത്തുകയില്ലെന്നും ദേശീയ തലസ്ഥാനത്ത് പുതിയ മദ്യക്കടകള്‍ തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ മദ്യവില്‍പനശാലകള്‍ ഇനി മുതല്‍ ജയിലുകള്‍ പോലെ ഇടുങ്ങിയതാകില്ല. സ്വകാര്യ മദ്യവില്‍പന ശാലകള്‍ക്ക് കുറഞ്ഞത് 500 ചതുരശ്രയടി വിസ്തീര്‍ണ്ണം ഉണ്ടായിരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകള്‍ക്കും ബാധമാകുമെന്നും സര്‍ക്കാര്‍ മദ്യ വില്‍പന ശാലകളുടെ 60 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നും സിസോദിയ വ്യക്തമാക്കിയിരുന്നു.