അഭിനയ ജീവിതത്തിന്റെ 30 വർഷങ്ങൾ തികച്ചിരിക്കുകയാണ് ജയറാം. 1988ൽ പി. പദ്മരാജന്റെ അപരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയ ജയറാമിന് ഇന്നും മലയാള സിനിമയിൽ സ്വന്തമായൊരിടമുണ്ട്.
അപരന് ശേഷമായിരുന്നു ജനപ്രിയ നായകനിലേയ്ക്കുള്ള ജയറാമിന്റെ വളർച്ച. ഈ കാലയളവിലായിരുന്നു പാർവ്വതി എന്ന അശ്വതിയുമായുള്ള പ്രണയവും വിവാഹവും. വിവാഹ ശേഷം അഭിനയ ജീവിതത്തോടു പാർവ്വതി വിടപറഞ്ഞെങ്കിലും ഓർമിക്കാവുന്ന ഒരുപിടി ചിത്രങ്ങളിൽ അതിനുമുമ്പ് ഇരുവരും താരജോടികളായിരുന്നു.
താൻ സിനിമയിൽ വന്നിട്ടും അശ്വതിയെ കണ്ടു മുട്ടിയിട്ടും 30 വർഷം തികയുന്നുവെന്ന് ജയറാം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചു. ഒപ്പം പാർവ്വതിയോടൊപ്പമുള്ള സെൽഫിയും പോസ്റ്റ് ചെയ്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ പഞ്ചവർണ തത്തക്കുവേണ്ടി തല മൊട്ടയടിച്ച് ക്ലീൻ ഷേവിലാണ് ജയറാം സെൽഫിയിലുള്ളത്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണ തത്തയിൽ വ്യത്യസ്ത വേഷത്തിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്.
ജയറാം അഭിനയ ജീവിത്തതിന്റെ 30 വർഷത്തിലേക്ക് കടക്കുമ്പോൾ മകൻ കാളിദാസനും മലയാള സിനിമയിലെ താരമായിരിക്കുകയാണ്.