ഖാര്‍ത്തൂം- സുഡാനില്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയ സൈനിക നടപടിയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. അതിനിടെ, പ്രതിഷേധത്തിനിടെ രണ്ട് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി സര്‍ക്കാര്‍ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ വെടിയേറ്റ് ഒരു മരണം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 125 പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി പേര് കണ്ണീര് വാതകം ശ്വസിച്ച് അവശരായി.
സുഡാന് ഡോക്ടേഴ്സ് കമ്മിറ്റിയാണ് ഒരാള്‍ കൂടി മരിച്ചതായി അറിയിച്ചത്. ഖാര്‍ത്തൂമിലെ ഇരട്ട നഗരമായ ഒംദുര്‍മാനില്‍ അബ്ദുല്‍ മുനീം മുഹമ്മദ് അലി (28)യാണ് തലക്ക് വെടിയേറ്റ് മരിച്ചത്.
പതിനായിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് സുരക്ഷാ സേന ഞായറാഴ്ച ഉമര്‍ അല്‍ ബശീറിനെ പുറത്താക്കുന്നതിലേക്ക് നയിച്ച ബഹുജന പ്രകടനങ്ങള്‍ നടന്ന് മൂന്ന് വര്‍ഷം പിന്നിട്ടപ്പോഴാണ് കൂറ്റന്‍ മാര്‍ച്ചിന് സുഡാന് സാക്ഷ്യം വഹിച്ചത്.
ഒക്ടോബര്‍ 25 ന് അട്ടിമറിക്ക് നേതൃത്വം നല്കിയ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനെതിരെ ആയിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യങ്ങള്‍.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സംഘര്‍ഷങ്ങളില്‍ കുറഞ്ഞത് 47 പേരെങ്കിലും സുഡാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഞായറാഴ്ച നടന്ന പ്രകടനത്തില്‍ രണ്ട് സ്ത്രീ പ്രതിഷേധക്കാര്‍ ബലാത്സംഗത്തിനിരയായതായി സാമൂഹ്യ വികസന മന്ത്രാലയത്തിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന യൂണിറ്റ് മേധാവി സുലൈമ ഇസ്ഹാഖ് പറഞ്ഞു.
ഒരു സ്ത്രീ അധികാരികള്‍ക്ക് പരാതി നല്‍കിയെന്നും മറ്റൊരു സ്ത്രീ നിയമ നടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കുറ്റവാളികള്‍ ആരാണെന്ന് വെളിപ്പെടുത്തിയില്ല.
2023 ല്‍ നടക്കാനിരിക്കുന്ന സ്വാതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ പിന്തുണക്കുമെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ ഉമര്‍ ബശിറിനെ പുറത്താക്കുന്നതിലേക്ക് നയിച്ച പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയ ഫോഴ്സ് ഫോര്‍ ഫ്രീഡം ആന്‍ഡ് ചേഞ്ച് ഈ മാസം 25, 30 തീയതികളില്‍ കൂടുതല്‍ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.