രാമേശ്വരം- രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി നടന്‍ കമല്‍ ഹാസന്‍ നയിക്കുന്ന പര്യടനം തമിഴനാട്ടിലെ രാമേശ്വരത്തു നിന്നു തുടങ്ങി. മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ രാമേശ്വരത്തെ വീട്ടിനു സമീപത്തു നിന്നാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. വൈകുന്നേരം ആറു മണിയോടെ സ്വദേശമായ മധുരയില്‍ എത്തിച്ചേരുന്നതോടെ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും നയങ്ങളും പതാകയും കമല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കലാമിന്റെ സ്‌കൂളിലെ കുട്ടികളുമായുള്ള കൂടിക്കാഴ്ച ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കി. പര്യടനത്തിനിടെ മൂന്ന് പൊതുയോഗങ്ങളില്‍ കമല്‍ പ്രസംഗിക്കും. രാമനാഥപുരം പാലസിനു സമീപവും പരമകുടിയിലും മനമധുരയിലുമാണ് പൊതുയോഗങ്ങള്‍. വൈകീട്ട് ആറു മണിയോടെ മധുരയില്‍ എത്തും. മധുരയിലെ ഒത്തകടൈ ഗ്രൗണ്ടിലാണ് റാലി.
രാമേശ്വരത്ത് കമലിനു പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് അനുയായികള്‍ ഒത്തുചേര്‍ന്നു. കലാമിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ സഹോദരനേയും കുടുംബത്തേയും സന്ദര്‍ശിച്ചു. ശേഷം മത്സത്തൊഴിലാളികളെ കണ്ടു. കലാമിന്റെ സ്മാരകം സന്ദര്‍ശിക്കും. ഉച്ചയ്ക്കാണ് രാമനാഥപുരം കൊട്ടാര കവാടത്തില്‍ ആദ്യ പൊതുയോഗം. അഞ്ചു മണിക്ക് മധുരയില്‍ എത്തും. ആറു മണിക്കാണ് പാര്‍ട്ടി പതാകയുടെ പ്രകാശനം. ശേഷം പൊതുസമ്മേളനം ആരംഭിക്കും. എട്ടു മണിക്ക് കമല്‍ അണികളെ അഭിസംബോധന ചെയ്യും.
ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായി അരവിന്ദ് കെജ്‌രിവാള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കൂടാതെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും വിഡിയോ സന്ദേശം നല്‍കും. പര്യടനം തുടങ്ങുന്നതിന് മുന്നോടിയായി കമല്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയിരുന്നു.