റാഞ്ചി- ഭീകര സംഘടനയായ ഐ.എസുമായുള്ള ബന്ധം ആരോപിച്ച് ജാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (പി.എഫ്.ഐ) നിരോധം. ആഭ്യന്തര വകുപ്പിന്റെ ശുപാർശ പ്രകാരമാണ് ജാർഖണ്ഡിൽ സജീവമായ പി.എഫ്.ഐയെ 1908 ലെ ക്രിമിനൽ ലോ ഭേദഗതി നിയമപ്രകാരം നിരോധിച്ചതെന്ന് സംസ്ഥാന സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.
ജാർഖണ്ഡിലെ പകുർ ജില്ലയിൽ പോപ്പുലർ ഫ്രണ്ട് സജീവമാണ്. കേരളത്തിലും സജീവമായി പ്രവർത്തിക്കുന്ന പി.എഫ്.ഐ അംഗങ്ങൾ ഐ.എസിനാൽ സ്വാധീനിക്കപ്പെട്ടവരാണെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ചില പി.എഫ്.ഐക്കാർ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് സിറിയയിലേക്ക് പോയിട്ടുണ്ടെന്നും അവിടെ ഐ.എസിനു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.