ന്യൂദല്‍ഹി- നിയമപരമായ അനുമതികള്‍ക്കു വേണ്ടി സമര്‍പ്പിച്ച രേഖകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയും വസ്തുതകള്‍ ഒളിച്ചുവെക്കുകയും ചെയ്തതിന് കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ബഹുരാഷ്ട്ര ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന് 202 കോടി രൂപ പിഴയിട്ടു. ഇന്ത്യന്‍ കമ്പനിയായ ഫ്യൂചര്‍ കൂപണ്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ വാങ്ങാനുള്ള ആമസോണിന്റെ ഇടപാട് കമ്മീഷന്‍ തടയുകയും ചെയ്തു. ഫ്യൂചറിന്റെ ഓഹരികള്‍ വാങ്ങാന്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ 2019ല്‍ ആമസോണിന് അനുമതി നല്‍കിയിരുന്നു. ഇതിനായി സമര്‍പ്പിച്ച രേഖകളിലാണ് കള്ളക്കളി കണ്ടെത്തിയത്.
24,713 കോടി രൂപയ്ക്ക് കമ്പനിയെ മുകേഷ് അംബാനിയുടെ റിലയന്‍സ് റിട്ടെയ്ല്‍ വെന്‍ച്വേഴ്‌സിനു വില്‍ക്കാന്‍ ഫ്യൂചര്‍ ഗ്രൂപ്പ് മുതിര്‍ന്നതോടെയാണ് ആമസോണുമായുള്ള പോര്‍ തുടങ്ങിയത്. 2019ല്‍ 2000 കോടി രൂപയ്ക്കാണ് ആമസോണ്‍ ഫ്യൂചറുമായി ഇടപാട് ഉറപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഫ്യൂചര്‍ കൂപണ്‍സിന്റെ 49 ശതമാനം ഓഹരികളും ആമസോണ്‍ ഏറ്റെടുത്തിരുന്നു. 10 വര്‍ഷത്തിനു ശേഷം ഫ്യൂചര്‍ ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ ഫ്യൂടര്‍ റിട്ടെയ്‌ലിനെ പൂര്‍ണമായും വാങ്ങാനുള്ള അവകാശം ആമസോണിനുണ്ടാകും എന്നായിരുന്നു കരാര്‍. എന്നാല്‍ ഇതിനിടെ റിലയന്‍സുമായി ഇടപാട് നടത്തിയതാണ് ആമസോണ്‍-ഫ്യൂചര്‍ ഗ്രൂപ്പ് നിയമപോരാട്ടത്തിന് കാരണമായത്. റിലയന്‍സുമായുള്ള ഇടപാട് ആമസോണ്‍ എതിര്‍ത്തിരുന്നു.