Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം; 26 സർക്കാർ വാഹനങ്ങൾ തകർത്തു, ബെലഗാവിയില്‍ സംഘര്‍ഷാവസ്ഥ

ബെംഗളുരു- മറാത്ത രാജാവ് ശിവാജി, സ്വാതന്ത്ര്യ സമര സേനാനി സംഗൊള്ളി രായണ്ണ എന്നിവരുടെ പ്രതിമകള്‍ക്കു നേര ഉണ്ടായ ആക്രമണങ്ങളെ ചൊല്ലി കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമായി. കര്‍ണാകടയിലെ ബെലഗാവിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ബുധനാഴ്ച രാത്രി ബെംഗളുരുവില്‍ ശിവാജി പ്രതിമയ്ക്കു നേരെ മഷിയാക്രമണം നടന്നതിനെ ചൊല്ലിയാണ് തര്‍ക്കം. ഈ സംഭവത്തെ തുടര്‍ന്ന് ബെലഗാവിയിലെ സംഭാജി സര്‍ക്കിളില്‍ മഹാരാഷ്ട്ര അനുകൂലികള്‍ കഴിഞ്ഞ ദിവസം രാത്രി പ്രതിഷേധ പ്രകടനം നടത്തി. ശിവ സേന, മഹാരാഷ്ട്ര ഏകീകരണ്‍ സമിതി പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. ശിവാജി പ്രതിമ അലങ്കോലമാക്കിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനിടെ പ്രകടനത്തില്‍ പങ്കെടുത്തവര്‍ നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ബെലഗാവിയില്‍ സ്ഥിതി ചെയ്യുന്ന സ്വാതന്ത്ര്യ സമരം സേനാനി സംഗൊള്ളി രായണ്ണയുടെ പ്രതിമയും ഇവര്‍ നശിപ്പിച്ചു. ഇതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ഈ സംഭവത്തില്‍ 27 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

രായണ്ണയുടെ പ്രതിമയ്ക്കു നേരെ ആക്രമണം നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ശിവജി പ്രതിമ അലങ്കോലമാക്കിയവര്‍ക്കെതിരേയും കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest News