തൃശൂര്‍-മലയാളത്തിലെ യുവനടിമാരില്‍ ഒരാളാണ് സംയുക്ത മേനോന്‍. ഇപ്പോള്‍ ഇതാ പുതിയ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി. പുതിയ കാറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നടി പങ്കുവച്ചിട്ടുണ്ട്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് പുതിയ വാഹനം താരം സ്വന്തമാക്കിയത്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ബിഎംഡബ്ല്യു കാറെന്നും അതു സാധിച്ചതില്‍ സന്തോഷമുണ്ടെന്നുമാണ് സംയുക്ത പറയുന്നത്.
സംയുക്ത കന്നഡയിലും തെലുങ്കിലും അരങ്ങേറ്റത്തിനൊരുങ്ങുന്നതിനിടെയാണ് പുതിയ വാഹനം വീട്ടിലെത്തിച്ചത്. മെല്‍ബണ്‍ റെഡ് നിറത്തിലുള്ള ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ഡ് ലിമോസിന്‍ 320 എല്‍ഡിഐ എന്ന ഡീസല്‍ പതിപ്പാണ് താരത്തിന്റെ പുതിയ വാഹനം.
ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് 3 സീരിസ്. 2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന വാഹനത്തിന് 190 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 7.6 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന ഈ കരുത്തന്റെ ഉയര്‍ന്ന വേഗം 235 കിലോമീറ്ററാണ്. 53.90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.