Sorry, you need to enable JavaScript to visit this website.

ചെങ്കടൽ തീരത്തെ അഭ്രവിസ്മയം

മികച്ച നടി അരവിന്ദ കിരാന്ന
മികച്ച നടൻ ആദം അലി 
മികച്ച സംവിധായകൻ ഹൈദർ റഷീദ്
മികച്ച തിരക്കഥ മനോ ഖലീൽ
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന കലോത്സവത്തിൽ നൃത്തം ചെയ്യുന്നയാൾ  

ലോകത്തിന്റെ അഭ്രപാളിയിലേക്ക് സൗദിയുടെ പൊൻകാഴ്ചകൾ സമ്മാനിച്ച പകലിരവുകൾക്ക് വിട. ജിദ്ദയിലെ ചെങ്കടൽ തീരത്ത് ഒരാഴ്ചയിലേറെയായി നടന്നുവരുന്ന ഒന്നാമത് രാജ്യാന്തര റെഡ് സീ ഫിലിം ഫെസ്റ്റിവലിന് ഇന്ന് ഔദ്യോഗികമായി തിരശ്ശീല വീഴും. ഇന്ത്യൻ സിനിമയിലെയും ക്രിക്കറ്റിലെയും സൂപ്പർ താരങ്ങളായ കപിൽ ദേവ്, പ്രീതി സിന്റ തുടങ്ങിയവരുടെ സാന്നിധ്യത്തിലാകും ഇന്ന് രാത്രിയോടെ ഫിലിം ഫെസ്റ്റിവലിന് അവസാനമാകുക. 


സൗദിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് രാജ്യാന്തര സിനിമകളുടെ പ്രദർശനം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളം സിനിമകളാണ് പ്രദർശനത്തിന് എത്തിയിരുന്നത്. ഇന്ത്യയിൽനിന്ന് മത്സര വിഭാഗത്തിൽ എത്തിയത് മലയാളത്തിൽനിന്നുള്ള സിനിമയായിരുന്നു. നിതിൻ ലൂക്കോസ് സംവിധാനം നിർവഹിച്ച പക എന്ന സിനിമയാണ് പ്രദർശനത്തിനുണ്ടായിരുന്നത്. ഇന്ന് പ്രദർശിപ്പിക്കുന്ന 83 എന്ന സിനിമയും ജിദ്ദ ചലച്ചിത്രോത്സവത്തിന് ഇന്ത്യയുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നതാണ്. കപിൽദേവിന്റെ നായകത്വത്തിൽ 1983 ൽ ഇന്ത്യ ആദ്യമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് 83. കപിൽദേവിന്റെ ബയോപിക് കൂടിയായ സിനിമയിൽ രൺവീർ സിംഗാണ് കപിലിന്റെ വേഷത്തിൽ എത്തുന്നത്.


ഇന്ത്യയിൽനിന്നുള്ള മറ്റൊരു സിനിമ സത്യജിത് റായിയുടെ എലിഫെന്റ് ഡോഗായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് എലിഫെന്റ് ഗോഡ് മേളയിൽ പ്രദർശിപ്പിച്ചത്. പകയുടെ പ്രദർശനം രണ്ടു ദിവസങ്ങളിലുണ്ടായിരുന്നു.
ലോക സിനിമയിലെ എണ്ണമറ്റ പ്രതിഭകളാണ് ജിദ്ദ ചലച്ചിത്രോത്സവത്തിന് എത്തിയത്. 
മത്സര വിഭാഗത്തിൽ പതിനാറ് സിനിമകളാണ് ഉണ്ടായിരുന്നത്. പതിനെട്ട് ഷോർട്ട് മൂവികളും 21 ഗ്ലോബൽ വെർച്വൽ റിയാലിറ്റി ഷോകളും മേളയുടെ മാറ്റുകൂട്ടി. 


ഇന്തോനേഷ്യൻ സിനിമയായ യുനിയിൽ അഭിനയിച്ച അരവിന്ദ കിരാന്നക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. യൂറോപയിൽ അഭിനയിച്ച ആദം അലിക്ക് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. യൂറോപയുടെ തന്നെ സംവിധായകൻ ഹൈദർ റഷീദാണ് മികച്ച സംവിധായകൻ. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം നൈബേഴ്‌സിന്റെ മനോ ഖലീലിന് ലഭിച്ചു. പന പനാഹിയുടെ ഹിറ്റ് ദ റോഡിന് ജൂറി പുരസ്‌കാരവും ലഭിച്ചു. മത്സര വിഭാഗത്തിലെ മികച്ച സിനിമയായി ബ്രൈറ്റൺ ഫോർത്ത് തെരഞ്ഞെടുക്കപ്പെട്ടു. സൗദി സംവിധായകൻ ഹംസ കെ. ജാംജൂമിന്റെ റുപ്റ്റുറാണ് മികച്ച സൗദി സിനിമ. ഈജിപ്ഷ്യൻ സിനിമയായ യു റിസംബിൾ മിക്ക് ഓഡിയൻസ് അവാർഡ് ലഭിച്ചു. 


അക്കാദമി അവാർഡ് വിന്നറും ഇറ്റാലിയൻ സംവിധായകനും എഴുത്തുകാരനുമായ ഗ്വിസ്‌പേ ടൊർണാട്ടറേ, തുനീഷ്യൻ നടി ഹെന്റ് സാബ്രി, ഫലസ്തീൻ-അമേരിക്കൻ സംവിധായികയും എഴുത്തുകാരിയും നടിയുമായ ചെറിയേൻ ഡാബിസ്, മെക്‌സിക്കൻ ഫെസ്റ്റിവൽ ഡയറക്ടറും മൊറേലിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപക ഡയറക്ടറുമായ ഡാനിയേല മിച്ചൽ, സൗദി ഫിലിം ഡയറക്ടർ അബ്ദുൽ അസീസ് അൽസാലിഹി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. 
ഷോർട്ട് മൂവി ജൂറിയെ നയിച്ചത് ഈജിപ്ഷ്യൻ സംവിധായകൻ മർവാൻ ഹമീദായിരുന്നു. സൗദി നടിയും സംവിധായികയുമായ അഹദ് കാമിൽ, ഫിന്നിഷ് സൊമാലി സംവിധായകൻ ഖാദർ ഐദ്രേസ് എന്നിവരായിരുന്നു അംഗങ്ങൾ. 


കണ്ണിനും കാതിനും ആവോളം കുളിർമ സമ്മാനിച്ചാണ് ജിദ്ദയിലെ പ്രഥമ റെഡ് സീ ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീഴുന്നത്. വരും വർഷങ്ങളിലും ഡിസംബറിൽ ജിദ്ദയിൽ രാജ്യാന്തര ചലച്ചിത്രോത്സവങ്ങൾ നടക്കും. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഫെസ്റ്റിവൽ കോവിഡ് കാരണം നീട്ടിവെച്ചതായിരുന്നു. വരുംവർഷങ്ങളിൽ കൂടുതൽ സിനിമകൾ സൗദിയിൽ പ്രദർശനത്തിനെത്തും. 
ജിദ്ദയിലെ പൗരാണിക പട്ടണങ്ങളിലൊന്നായ ബലദിലെ ചരിത്രമുറങ്ങുന്ന ഇടവഴികളിലെല്ലാം കഴിഞ്ഞ ഒരാഴ്ചയിലേറെയായി പൂത്തുനിന്നത് ചലച്ചിത്രമായിരുന്നു. ഇനിയുള്ള ഒരു വർഷത്തോളം ഈ ഓർമകൾ ഈ വഴികളെ ഓർമകളിൽ കുളിപ്പിച്ചുനിർത്തും. 

Latest News