പ്രാദേശിക, ആഗോള സിനിമാ ചിത്രീകരണവും നിർമാണവും സൗദിയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് സിനിമാ വ്യവസായത്തിന് വൻ പ്രോത്സാഹനങ്ങൾ നൽകുന്ന പദ്ധതി സൗദി ഫിലിം കമ്മീഷൻ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി സിനിമാ ചിത്രീകരണത്തിനും നിർമാണത്തിനും പ്രോത്സാഹനങ്ങളും സാമ്പത്തിക സഹായങ്ങളും നൽകും. ചലച്ചിത്ര വ്യവസായം വികസിപ്പിക്കാനും ചലച്ചിത്ര നിർമാണത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താനുമുള്ള ഫിലിം കമ്മീഷന്റെ തന്ത്രപരമായ സംരംഭങ്ങളിലൊന്നാണ് പ്രോത്സാഹന പ്രോഗ്രാം.
ആഗോള തലത്തിൽ ചലച്ചിത്ര വ്യവസായത്തിന് നൽകുന്ന പ്രോത്സാഹനങ്ങളെ കുറിച്ച് വിശദമായി പഠിച്ചാണ് പുതിയ പ്രോത്സാഹന പദ്ധതി കമ്മീഷൻ അംഗീകരിച്ചത്. ഫിലിം കമ്മീഷന്റെ നിബന്ധനകൾ അനുസരിച്ച്, സൗദിയിൽ പ്രോത്സാഹനങ്ങൾക്ക് അർഹമായ ചെലവുകളുടെ 40 ശതമാനം വരെ കാഷ് ബാക്ക് ലഭിക്കും. പദ്ധതി പ്രയോജനപ്പെടുത്തുന്ന സൗദി, അന്താരാഷ്ട്ര ചലച്ചിത്ര നിർമാണ മേഖലയിൽ പരിശീലനം ലഭ്യമാക്കി സൗദിയിലെ പ്രതിഭകളുടെ ശേഷികൾ വികസിപ്പിക്കാനും സൗദി ചലച്ചിത്ര വ്യവസായ മേഖലയിൽ കാര്യമായ സ്വാധീനം ചെലുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലോകമെങ്ങുമുള്ള സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ച് സൗദിയിലെ ഷൂട്ടിംഗ് കേന്ദ്രങ്ങൾ പ്രൊമോട്ട് ചെയ്യാനും പദ്ധതി ലക്ഷ്യമിടുന്നു.
സൗദി, മേഖലാ, ആഗോള സിനിമകളുടെ ചിത്രീകരണ, നിർമാണ ജോലികൾ സൗദിയിലേക്ക് ആകർഷിക്കാൻ പ്രോത്സാഹന പ്രോഗ്രാമിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചലച്ചിത്ര നിർമാണത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സൗദി, പ്രാദേശിക ജീവനക്കാർക്കും ഇത്തരം പദ്ധതികൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്ന സൗദി വിതരണക്കാർക്കും പ്രോത്സാഹന പദ്ധതി പ്രയോജനപ്പെടും.
സൗദികളായ നിർമാതാവ്, സംവിധായകൻ, പ്രധാന നടീനടന്മാർ, തിരക്കഥാകൃത്ത് എന്നിവർക്കും ചലച്ചിത്ര നിർമാണ പദ്ധതിക്ക് സൗദിയിൽ ചെലവഴിക്കുന്ന കാലത്തിനനുസരിച്ച് വിദേശ അണിയറ പ്രവർത്തകർക്കും വേണ്ടി ചെലവഴിക്കുന്ന തുകയുടെ നിശ്ചിത ശതമാനം പ്രോത്സാഹനമായി ലഭിക്കും. സൗദികളായ ലൈറ്റ് ബോയ്‌സ്, ഡിസൈനർമാർ പോലെ പ്രൊഡക്ഷൻ സൈറ്റ് ജീവനക്കാർക്ക് ചെലവഴിക്കുന്ന തുകയുടെയും സിനിമാ ചിത്രീകരണത്തിനും നിർമാണത്തിനും സൗദിയിൽ സ്റ്റുഡിയോകളും വീടുകളും കഫേകളും ഉപകരണങ്ങളും മറ്റും വാടകക്ക് എടുക്കുന്നതിന് ചെലവഴിക്കുന്ന തുകയുടെയും സൗദി വിമാന കമ്പനികളിലെ ടിക്കറ്റ് നിരക്ക് ഇനത്തിൽ ചെലവഴിക്കുന്ന തുകയുടെയും പ്രാദേശിക ഇൻഷുറൻസ് കമ്പനികൾ വഴി ഇൻഷുറൻസ് പോളിസി എടുക്കുന്നതിനും സൗദിയിൽ പ്രൊഫഷനൽ കൺസൾട്ടന്റുമാരെ നിയോഗിക്കുന്നതിനും മറ്റും ചെലവഴിക്കുന്ന തുകയുടെയും നിശ്ചിത ശതമാനവും പ്രോത്സാഹന പ്രോഗ്രാം വഴി നൽകും.