Sorry, you need to enable JavaScript to visit this website.

കര്‍ണാടക ഉപരിസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും 11 സീറ്റ് വീതം

ബെംഗളുരു- കര്‍ണാടക നിയമസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 25 സീറ്റുകളിലേക്ക് നടത്ത തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കും കോണ്‍ഗ്രസിനും 11 വീതം സീറ്റുകള്‍ ലഭിച്ചു. ആറു സീറ്റില്‍ മത്സരിച്ച ജെഡിഎസിന് രണ്ടു സീറ്റ് മാത്രമെ ലഭിച്ചുള്ളൂ. 75 അംഗ സഭയില്‍ 32 എംഎല്‍സി മാരുണ്ടായിരുന്ന ബിജെപിയുടെ നില ഇപ്പോള്‍ 36 ആയി. 29 എംഎല്‍സിമാരുണ്ടായിരുന്ന കോണ്‍ഗ്രസ് നില 26 ആയും 12 അംഗങ്ങളുണ്ടായിരുന്നു ജെഡിഎസ് നില 10 ആയും കുറഞ്ഞു. 38 അംഗങ്ങളുള്ള പാര്‍ട്ടിക്കാണ് ഭൂരിപക്ഷം ലഭിക്കുക. 

അംഗങ്ങളുടെ കാലാവധി കഴിഞ്ഞ ഒഴിവിലേക്ക് വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. 14 കോണ്‍ഗ്രസ് അംഗങ്ങളും ഏഴു ബിജെപി അംഗങ്ങളും നാല് ജെഡിഎസ് അംഗങ്ങളുമാണ് കാലാവധി പൂര്‍ത്തിയാക്കിയത്. ഏഴിനു പകരം 11 പുതിയ അംഗങ്ങളെ ലഭിച്ച ബിജെപി നില മെച്ചപ്പെടുത്തി. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും 20 വീതം പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. 25 സീറ്റുകളിലേക്കായി ആകെ 90 സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. 20 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള 99025 ജനപ്രതിനിധികള്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.
 

Latest News