നാഗ്പുര്‍- കാമുകനെ വിവാഹം ചെയ്യാന്‍ കൂട്ടബലാത്സംഗ കഥ കെട്ടിച്ചമച്ചുണ്ടാക്കിയ 19കാരി ഒരു ദിവസം മുഴുവന്‍ പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തി. ആയിരത്തിലേറെ പോലീസുകാര്‍ വരുന്ന വിവിധ സംഘങ്ങള്‍ നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് കൗമാരക്കാരിയുടെ വ്യാജ പീഡന കഥ പുറത്തായത്. ചോദ്യം ചെയ്യയില്‍ പെണ്‍കുട്ടി ഇതു സമ്മതിക്കുകയും ചെയ്തു. മ്യൂസിക് ക്ലാസിനു പോകുമ്പോള്‍ വെളുത്ത വാനിലെത്തിയ രണ്ടു പേര്‍ വഴി ചോദിക്കുന്ന പോലെ ഭാവിച്ച് തട്ടിക്കൊണ്ടു പോകുകയും വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നുമാണ് പെണ്‍കുട്ടി കലംന പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് നാഗ്പൂര്‍ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാറും മറ്റു ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന അന്വേഷണം സംഘം 250ഓളം സിസിടിവി ദൃശ്യങ്ങളാണ് കുത്തിയിരുന്ന് പരിശോധിച്ചത്. ദൃശ്യങ്ങളിലെ പെണ്‍കുട്ടിയുടെ യാത്രകളും മൊഴികളും തമ്മില്‍ വൈരുധ്യം കണ്ടതിനെ തുടര്‍ന്നാണ് പോലീസ് വിശദമായി ചോദ്യം ചെയ്തത്. അപ്പോഴാണ് സംഭവം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കാമുകനെ വിവാഹം ചെയ്യാനാണ് ഈ വേല ഒപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
സംഭവം അന്വേഷിക്കാന്‍ 40 പോലീസ് സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്. തിങ്കളാഴ്ച മുഴുസമയും ഇവര്‍ ഊര്‍ജ്ജിതമായി കേസ് അന്വേഷിച്ചു. പെണ്‍കുട്ടിയുമായി അടുപ്പമുള്ള 50ലേറെ പേരേയും വിളിച്ചു ചോദ്യം ചെയ്തു. പെണ്‍കുട്ടിയുടെ യാത്രകളെല്ലാം സിസിടിവിയില്‍ വളരെ വ്യക്തമായിരുന്നു. പരാതിയില്‍ പറയുന്ന പോലെ വാനിലെത്തി ആരും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിട്ടില്ല. ബസിലും ഓട്ടോയിലും ഷെയര്‍ ഓട്ടോയിലും മാറി മാറി യാത്ര ചെയ്ത പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ എത്തുന്നതു വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്.