ലഖ്‌നൗ- വാരണസിയില്‍ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉല്‍ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം ഗംഗയില്‍ സ്‌നാനം ചെയ്‌തെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗയില്‍ മുങ്ങാത്തത് ചോദ്യം ചെയ്ത മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഒരു നദിയും ശുദ്ധമല്ലെന്ന് യോഗിക്ക് നന്നായി അറിയാമെന്നും അതിനാലാണ് ഗംഗയില്‍ മുങ്ങാന്‍ യോഗി മോഡിക്കൊപ്പം പോകാതിരുന്നതെന്നും എസ് പി അധ്യക്ഷനായ അഖിലേഷ് പറഞ്ഞു. കാശിയിലെ നദിയിലെ മാലിന്യത്തിനും ജനത്തിരക്കിനും രാഷ്ട്രീയ എതിരാളികളെ യോഗി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
നദിയിലെ മാലിന്യവും തിക്കും തിരക്കും കാലങ്ങളായി കാശിക്ക് ഒരു കളങ്കമായിരുന്നു എന്നായിരുന്നു യോഗിയുടെ പരാമര്‍ശം. പ്രധാനമന്ത്രിയുടെ പരിപാടിയിലെ മുഖ്യ ഇനങ്ങളിലൊന്നായിരുന്നു ഗംഗാ സ്‌നാനം. പ്രധാനമന്ത്രിക്കൊപ്പം ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുത്തെങ്കിലും ഗംഗയില്‍ മുങ്ങാന്‍ യോഗി ഉണ്ടായിരുന്നില്ല.