Sorry, you need to enable JavaScript to visit this website.

തര്‍ക്കത്തിനിടെ സ്ത്രീയ്ക്ക് നേരെ അശ്ലീല ആംഗ്യം  കാണിച്ചു; ഡ്രൈവര്‍ക്ക് ആറുമാസം തടവ് ശിക്ഷ

മുംബൈ- റോഡില്‍ വാക്ക് തര്‍ക്കത്തിനിടെ സ്ത്രീയ്ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവര്‍ക്ക് തടവ് ശിക്ഷ. അനികേത് പാട്ടീല്‍ എന്ന മുംബൈ സ്വദേശിയെയാണ് ഗിര്‍ഗാവ് മജിസ്‌ട്രേറ്റ് കോടതി ആറ് മാസം തടവിന് ശിക്ഷിച്ചിരിക്കുന്നത്. 66 വയസ്സുള്ള സ്ത്രീയ്ക്ക് നേരെ മോശമായ വാക്കുകള്‍ ഉപയോഗിക്കുകയും 'നടുവിരല്‍ കാണിക്കുകയും' ചെയ്‌തെന്നാണ് 33കാരനെതിരായ കുറ്റം.
2018 സെപ്റ്റംബര്‍ 17ന് ഹ്യൂസ് റോഡില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തര്‍ക്കത്തെ തുടര്‍ന്ന് എതിര്‍ വാഹനത്തിലുണ്ടായിരുന്ന സ്ത്രീയോടും മകനോടും പാട്ടീല്‍ അസഭ്യം പറയുകയായിരുന്നു. സ്ത്രീയും മകനും ഓഫീസിലേക്ക് പോകും വഴി മഹാലക്ഷ്മിക്കടുത്തുള്ള കാഡ്‌ബെറി ജംഗ്ഷനില്‍ എത്തിയപ്പോഴായിരുന്നു തര്‍ക്കം ആരംഭിച്ചത്. ഒരു ചുവന്ന കാര്‍ ഇടത് വശത്ത് നിന്ന് പെട്ടെന്ന് കയറി വന്നു. ഇതോടെ തങ്ങളുടെ വാഹനം ഡിവൈഡറിലേക്ക് കയറേണ്ടി വന്നെന്നുമാണ് സ്ത്രീയുടെ പരാതിയില്‍ പറയുന്നത്. ഹ്യൂസ് റോഡില്‍ പ്രവേശിച്ചപ്പോള്‍ ഈ കാര്‍ തങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് ഇടത് വശത്തുള്ള ഒരു സിഗ്‌നലില്‍ കാര്‍ നിര്‍ത്തുകയും ചെയ്തു. ഇവിടെ നിന്നാണ് കാര്‍ െ്രെഡവര്‍ തങ്ങള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയതെന്നും ഇവരുടെ പരാതിയിലുണ്ട്.
യുവാവ് അശ്ലീല ആംഗ്യം കാണിച്ചപ്പോള്‍ യുവതി സംയമനം പാലിക്കാന്‍ പറഞ്ഞെങ്കിലും അയാള്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നുകളായന്‍ ശ്രമിച്ചെങ്കിലും സ്ത്രീയുടെ മകന്‍ കാറ് തടഞ്ഞു. ഈ സമയത്ത് പ്രശ്‌നത്തില്‍ ഇടപെട്ട ട്രാഫിക് പോലീസ് പാട്ടീലിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഐപിസി സെക്ഷന്‍ 354 എ, 354 ഡി, 509 എന്നിവ പ്രകാരമായിരുന്നു യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
 

Latest News