Sorry, you need to enable JavaScript to visit this website.

തീവ്രവാദ ചാപ്പയടിക്കുന്ന സംഘ്പരിവാര്‍ രീതി കേരളത്തില്‍ വേണ്ട-കെ.എന്‍.എം

കോഴിക്കോട്- വിമര്‍ശിക്കുന്നവരുടെ വായ മൂടാന്‍ തീവ്രവാദ ചാപ്പയടിക്കുന്ന സംഘ്പരിവാര്‍ രീതി കേരളത്തില്‍ വേണ്ടെന്നും  വഖഫ് നിയമം  നിയമസഭയില്‍ തന്നെ പിന്‍വലിക്കണമെന്നും കെ എന്‍ എം നേതൃ സംഗമം.
മുസ്ലിം ഐക്യസംഘത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കെ എന്‍ എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് സംഗമം അന്തിമരൂപം നല്‍കി. മുസ്ലിം ഐക്യ സംഘം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സെമിനാറുകളാണ് മുസ്ലിം സമൂഹത്തിന് ദിശാബോധം നല്‍കിയത്. ആ സമ്മേളനങ്ങളെ അനുസ്മരിക്കും വിധം നവോഥാന  സമ്മേളനങ്ങള്‍ ഒരുക്കാനാണ് തീരുമാനം.
ഡിസംബര്‍ 19 നു  തിരുവനന്തപുരത്ത് കെ.എന്‍.എം. കണ്‍വന്‍ഷന്‍,  ആലുവയില്‍ ഹദീസ് സമ്മേളനം, 25 നു കായംകുളത്ത് ഖുര്‍ആന്‍ സമ്മേളനം, ജനുവരി രണ്ടിന് കാസര്‍കോട് കണ്‍വന്‍ഷന്‍, ജനുവരി 7,8,9 എറണാകുളത്ത് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം 16 നു തിരൂരില്‍  നവോഥാനസമ്മേളനം, 30 നു തലശ്ശേരിയില്‍ വിദ്യാഭ്യാസ സമ്മേളനം  എന്നിവ നടത്തും. മഞ്ചേരിയില്‍ വനിതാ സമ്മേളനവും കോഴിക്കോട്ട് നവോഥാന സമ്മേളനവും കല്പറ്റയിലും പാലക്കാടും വൈജ്ഞാനിക സമ്മേളനവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
സാമൂഹ്യ ദുരാചാരങ്ങള്‍ക്കെതിരെ നടക്കുന്ന നവോഥാന മുന്നേറ്റങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങള്‍ അപഹാസ്യമാണെന്നു കെ എന്‍ എം യോഗം അഭിപ്രായപ്പെട്ടു. സമുദായ ഐക്യവും സൗഹാര്‍ദ്ദവും തകര്‍ക്കുന്നവരെ കരുതിയിരിക്കണം. മുസ്ലിം ന്യുനപക്ഷത്തെ പൊതുവായി ബാധിക്കുന്ന കാര്യത്തില്‍ വിവേകത്തോടെ നീങ്ങുകയും വിവാദങ്ങള്‍ സൃഷ്ടിച്ചു യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നു ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം കരുതിയിരിക്കുകയും വേണമെന്നും കെ എന്‍ എം സംഗമം  ആവശ്യപെട്ടു.നിയമ സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതികള്‍ നിയസഭയില്‍  തന്നെ തിരുത്തണം.എത്രയും വേഗം സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളില്‍ നിന്നു പിന്‍വാങ്ങണം. വഖഫ് വിഷയത്തില്‍ സമരം ചെയ്യുന്നവരെ ഭിന്നിപ്പിക്കാനുള്ള ശ്രമം ഗുണം  ചെയ്യില്ല.
സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി, എച്ച്. ഇ.മുഹമ്മദ് ബാബു സേട്ട്, ഡോ.ഹുസൈന്‍ മടവൂര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, പ്രൊഫ എന്‍.വി. അബ്ദുറഹ്മാന്‍,അബ്ദുറഹ്മാന്‍ മദനി പാലത്ത്, എ. അസ്ഗര്‍അലി, എം സ്വലാഹുദ്ധീന്‍ മദനി, ഡോ.പി പി അബ്ദുല്‍ ഹഖ്, എം ടി അബ്ദുസമദ് സുല്ലമി, ഡോ.സുള്‍ഫിക്കര്‍ അലി, ഡോ.എ .ഐ അബ്ദുല്‍ മജീദ് സ്വലാഹി, സി.മുഹമ്മദ് സലീം സുല്ലമി, അബ്ദുല്‍ഹസീബ് മദനി എന്നിവര്‍ സംബന്ധിച്ചു.

 

 

Latest News