ജയ്പൂര്‍-രാജ്യസഭാ എംപിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയ ആള്‍ രാജസ്ഥാനില്‍ അറസ്റ്റില്‍. ഹിമാചല്‍ സ്വദേശി പുരണ്‍ സിംഗ് ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. രാജ്യസഭാ എംപി നരീന്ദര്‍ ഗില്ലിന്റെ പേരിലാണ് പ്രതി ആള്‍മാറാട്ടം നടത്തിയിരുന്നത്.
പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് നരീന്ദര്‍ ഗില്‍. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ ഭൂമിയുമായി ബന്ധപ്പെട്ട ജോലിയെക്കുറിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തി അന്വേഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനായി വ്യാജ വിസിറ്റിംഗ് കാര്‍ഡ് ഉണ്ടാക്കി അത് ഉപയോഗിച്ചാണ് ജില്ലാ ഉദ്യോഗസ്ഥരെ സ്വയം പരിചയപ്പെടുത്തുന്നത്. ശേഷം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ഒരു ബന്ധുവിനൊപ്പമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഇരുവരും ബുണ്ടി സര്‍ക്യൂട്ട് ഹൗസില്‍ കുറച്ചുനേരം താമസിച്ചുവെന്നും ആള്‍മാറാട്ടം നടത്തി ബുണ്ടി ജില്ലാ കലക്ടറുമായും ഡിവിഷണല്‍ കമ്മീഷണറുമായും കൂടിക്കാഴ്ച നടത്തിയിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഹിന്ദോളിയിലെ തഹസില്‍ദാറിനെ വിളിക്കാന്‍ കലക്ടറുടെ പേഴ്‌സണല്‍ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടതായിയും പോലീസ് പറഞ്ഞു. പ്രതികളുടെ പ്രവര്‍ത്തികളില്‍ സംശയമുണ്ടെന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇരുവരെയും നിരീക്ഷിക്കാനും അവരെ കുറിച്ച് അന്വേഷിക്കാനും ഒരു പോലീസ് സംഘത്തെ നിയോഗിച്ചതായി സിറ്റി പോലീസ് സൂപ്രണ്ട് ജയ് യാദവ് പിടിഐയോട് പറഞ്ഞു. ബുണ്ടി കലക്ടറുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ പരാതിയില്‍ സിങ്ങിനും ഛബ്രയ്ക്കുമെതിരെ പോലീസ് 170, 171, 419, 120 (ബി) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.