ഗുവാഹട്ടി- ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വാച്ച് മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്നയാൾ അസമിൽ പിടിയിലായി. അസം ശിവസാഗർ സ്വദേശി വാസിദ് ഹുസൈനെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് വിലകൂടിയ ഹുബ്ലോ വാച്ചും കണ്ടെടുത്തു. ദുബായ് പോലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് അസം മുഖ്യമന്ത്രിയും പോലീസും അറിയിച്ചു. മറഡോണയുടെ ഒപ്പ് രേഖപ്പെടുത്തിയ അദ്ദേഹം ഉപയോഗിച്ചിരുന്ന ഹുബ്ലോ കമ്പനിയുടെ ലിമിറ്റഡ് എഡിഷൻ വാച്ചാണ് വാസിദ് ഹുസൈൻ മോഷ്ടിച്ചത്. ദുബായിൽ മറഡോണയുടെ വസ്തുവകകളും മറ്റും സൂക്ഷിച്ചിരുന്ന കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. ഇവിടെനിന്നാണ് വിലകൂടിയ ഹുബ്ലോ വാച്ച് മോഷ്ടിച്ചത്. തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ വാച്ചുമായി നാട്ടിലേക്ക് വരികയും ചെയ്തു.
ദുബായ് പോലീസ് ഇന്ത്യയിലെ കേന്ദ്ര ഏജൻസികൾക്ക് നൽകിയ വിവരത്തെത്തുടർന്നാണ് പ്രതി അസമിലുണ്ടെന്ന് വ്യക്തമായത്. തുടർന്ന് അസം പോലീസിന് വിവരം കൈമാറുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ വാസിദിന്റെ ശിവസാഗറിലെ ഭാര്യവീട്ടിലെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്ന് വിലകൂടിയ വാച്ച് കണ്ടെടുത്തായും അന്വേഷണം തുടരുകയാണെന്നും ശിവസാഗർ പോലീസ് സൂപ്രണ്ട് രാകേഷ് ചൗഹൻ പറഞ്ഞു.