Sorry, you need to enable JavaScript to visit this website.

പരസ്യ നമസ്‌കാരം വച്ചുപൊറുപ്പിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍

ഗുഡ്ഗാവ്- ഹരിയാനയിലെ ഗുഡ്ഗാവില്‍ ഹിന്ദുത്വ തീവ്രവാദികള്‍ വെള്ളിയാഴ്ച നമസ്‌കാരം തടയുന്നത് പതിവാക്കിയതിനു പിന്നാലെ പരസ്യ നമസ്‌ക്കാരത്തിനെതിരെ ഹരിയാനയിലെ ബിജെപി സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. നമസ്‌ക്കാരം തുറന്ന സ്ഥലങ്ങളില്‍ നിര്‍വഹിക്കരുതെന്നും അത് വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില സ്ഥലങ്ങളില്‍ നമസ്‌ക്കാരത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

എതാനും ആഴ്ചകളായി ഗുഡ്ഗാവില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിനിരെ ഒരു സംഘമാളുകള്‍ നിരന്തരം പ്രതിഷേധിച്ച് രംഗത്തുണ്ട്. നമസ്‌ക്കാരം നടക്കുന്ന സ്ഥലങ്ങളിലെത്തി മുസ്‌ലിംകള്‍ നിര്‍ബന്ധ പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേരുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യം. 'ഈ പ്രശ്‌നം പരിഹരിക്കാന്‍ പോലീസിനോടും ഡെപ്യൂട്ടി കമ്മീഷണറോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പരിഹരിക്കണമെങ്കില്‍ എല്ലാവരും അവരുടെ സ്വന്തം സ്ഥലങ്ങളില്‍ നമസ്‌ക്കരിച്ചാല്‍ മതി. ചിലര്‍ നമസ്‌ക്കരിക്കുന്നു, ചിലര്‍ പൂജ ചെയ്യുന്നു, ചിലര്‍ കീര്‍ത്തനം ചൊല്ലുന്നു. ഇതിലൊന്നും പ്രശ്‌നമില്ല. ഇതിനു മാത്രമായാണ് ആരാധനാലയങ്ങള്‍. അതുകൊണ്ട് ആ പ്രാര്‍ത്ഥനകള്‍ അവിടെ മതി. ഇത്തരം പരിപാടികള്‍ പരസ്യമായ സ്ഥലങ്ങളില്‍ വേണ്ട. ഇവിടെ തുറന്ന സ്ഥലങ്ങളിലാണ് നമസ്‌ക്കാരം നടക്കുന്നത്. ഇത് വച്ചുപൊറുപ്പിക്കാനാകില്ല'- ഖട്ടര്‍ വ്യക്തമാക്കി. ഗുഡ്ഗാവില്‍ മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

ഗുഡ്ഗാവിലെ നിരവധി വഖഫ് ഭൂമിയും മുസ്‌ലിംകളുടെ ഭൂമിയും കയ്യേറിയിട്ടുണ്ടെന്നും ഇവിടെ പള്ളി നിര്‍മിക്കാനും നമസ്‌കരിക്കാനും അനുവദിക്കണമെന്നാണ് സര്‍ക്കാരിനോട് മുസ്‌ലിം നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഇതെങ്ങനെ പരിഹരിക്കാമെന്ന് ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News