Sorry, you need to enable JavaScript to visit this website.

മായിക ലോകം തുറന്ന് വെർച്വൽ റിയാലിറ്റി; നായകത്വം വഹിച്ച് ലിസ് റോസെന്തൽ

ലിസ് റോസെന്തൽ
ലിസ് റോസെന്തൽ
സൗദി തിരക്കഥാകൃത്ത് ഹിന്ദ് അൽ ഫഹദ്
സൗദി സെലിബ്രിറ്റിയും ടി.വി താരവുമായ ഗാദ എബൗദ്
സൗദി നടി അദ് വ ഫഹദ്‌

ജിദ്ദ റെഡ്‌സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിനൊപ്പം വെർച്വൽ റിയാലിറ്റി ഷോയും പ്രേക്ഷക ലക്ഷങ്ങളെ ആകർഷിക്കുന്നു. ഈ മാസം 15 വരെ ഹയ്യ് ജമീലിലെ ക്രിയേറ്റീവ് കോംപ്ലക്‌സിലാണ് റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വെർച്വൽ റിയാലിറ്റി ഷോയും നടക്കുന്നത്. 
തിയേറ്റർ സംവിധായകരുടെയും സിനിമാ നിർമാതാക്കളുടെയും ആർക്കിടെക്റ്റുകളുടെയും ഗെയിമർമാരുടെയും കഴിവുകൾ ഉൾക്കൊള്ളുന്ന 360 ഡിഗ്രി കഥാലോകത്തിലൂടെ പ്രേക്ഷകർക്ക് സഞ്ചരിക്കാം. ഹെഡ്‌സെറ്റുകൾ കൂടി ധരിക്കുന്നതോടെ കഥാപാത്രത്തിനൊപ്പം സഞ്ചരിക്കാനും പ്രേക്ഷകർക്ക് സാധിക്കുന്നു. 
ഡോക്യുമെന്ററികൾ, ആനിമേഷനുകൾ, വിവരണങ്ങൾ, ഗെയിമുകൾ, കല, വെർച്വൽ ലോക പര്യവേക്ഷണങ്ങൾ എന്നിവയ്ക്കൊപ്പം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലാണ് വെർച്വൽ റിയാലിറ്റി ഒരുക്കിയിരിക്കുന്നത്. നിരവധി രാജ്യാന്തര അവാർഡുകൾ സ്വന്തമാക്കിയ അന്തർദേശീയ കലാകാരന്മാരിൽനിന്നും സംവിധായകരിൽ നിന്നുമാണ് ഇവ തെരഞ്ഞെടുത്തത്. ആർട്ട് ജമീലുമായി സഹകരിച്ച്, റെഡ് സീ: ഇമ്മേഴ്സീവ്, യു.കെ, ഫ്രാൻസ്, തായ്വാൻ, യു.എസ്, ജർമനി, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സംവിധായകരും കലാകാരന്മാരും 2021 ൽ നിർമിച്ച ഗ്രൗണ്ട് ബ്രേക്കിംഗ് വി.ആർ വർക്കുകൾ ഉൾപ്പെടെ 21 പ്രോഗ്രാമുകളാണ് പ്രദർശിപ്പിക്കുന്നത്. 


ഗാലറികൾ, ആർട്ട് ആന്റ് ഡിസൈൻ സ്റ്റുഡിയോകൾ, കിംഗ്ഡത്തിലെ ആദ്യത്തെ ആർട്ട് ഹൗസ് സിനിമ എന്നിവ ഉൾപ്പെടുന്ന ഹയ്യ് ജമീൽ വി.ആർ പ്രോഗ്രാമിന് അനുയോജ്യമായ വേദി കൂടിയാണ്.

വെർച്വൽ റിയാലിറ്റി എന്നത് കഥകൾ സൃഷ്ടിക്കുന്നതിനും കല നിർമിക്കുന്നതിനും കഥാലോകങ്ങൾ നിർമിക്കുന്നതിനുമുള്ള സവിശേഷമായ ഒരു പുതിയ പ്ലാറ്റ്ഫോമാണെന്ന് റെഡ് സീ: ഇമ്മേഴ്സീവ് ക്യൂറേറ്റർ ലിസ് റോസെന്തൽ പറഞ്ഞു.
കഥകൾ പറയാൻ പുതിയ സങ്കേതങ്ങളും രീതികളും ഉപയോഗിക്കുന്ന രീതി കലാകാരന്മാർക്ക് പ്രചോദനമാകുമെന്ന് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെനീസ് വി.ആർ ക്യൂറേറ്റ് ചെയ്ത റോസെന്തൽ പറഞ്ഞു.


സൗദി അറേബ്യയിലെ ആളുകൾക്ക് സിനിമ, ടെലിവിഷൻ, സോഷ്യൽ മീഡിയ തുടങ്ങിയ ഫഌറ്റ് സ്‌ക്രീൻ മാധ്യമങ്ങളുമായി പരിചിതമാണെങ്കിലും 360 വി.ആർ അനുഭവം പുതിയ ലോകങ്ങൾ സന്ദർശിക്കാനുള്ള അവസരം നൽകുമെന്നും അവർ പറഞ്ഞു.
360 ഡിഗ്രി സ്‌പേഷ്യൽ രീതിയിൽ നിങ്ങൾക്ക് എങ്ങനെ ഒരു കഥാ ലോകത്തേക്ക് പ്രവേശിക്കാമെന്ന് കാണിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണെന്നും ഇത് ശക്തമായ കലാരൂപമാണെന്നും റോസെന്തൽ പറഞ്ഞു.

ആനന്ദല, എൻഡ് ഓഫ് നൈറ്റ്, ജെനസിസ്, ഗ്ലിംപ്‌സ്, ഗോലിയാത്ത്: പ്ലേയിഗ് വിത്ത് റിയാലിറ്റി, കുസുന്ദ, ലൈക, ലാവ്രിന്തോസ്, ലെ ബാൽ ഡി പാരിസ് ഡി ബ്ലാങ്ക ലി, മാർക്കോ പോളോ ഗോ റൗണ്ട്, സംസാര (ലുൻ ഹുയി), ദ സിക്ക് റോസ് തുടങ്ങിയവയാണ് 
വി.ആർ അനുഭവങ്ങൾ. 
വി.ആർ പ്രോജക്ടുകൾ ഫിലിം മേക്കിംഗിൽനിന്ന് വളരെ വ്യത്യസ്തമാണെന്നും റോസെന്തൽ പറഞ്ഞു.

ചലച്ചിത്ര നിർമാണം ഫഌറ്റ് സ്‌ക്രീനിനെക്കുറിച്ചാണ്. ഓരോ സീനും എവിടെയാണ് മുറിക്കേണ്ടത്, ലോംഗ് ഷോട്ടാണോ വൈഡ് ഷോട്ടാണോ അതോ ക്ലോസപ് ആണോ എന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. നിങ്ങൾ 360 ഡിഗ്രി പരിതഃസ്ഥിതിയിലായതിനാൽ കഥാപാത്രങ്ങളുമായും കഥയുമായും സംവദിക്കാൻ കഴിയുന്നതിനാൽ വി.ആറിൽ കാഴ്ചക്കാരന് എളുപ്പത്തിൽ കഴിയും.  ചലച്ചിത്ര  നിർമാണത്തിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു മാധ്യമമാണിത്.
നിരവധി വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുന്നതാണ് ഇത്. അതിനാൽ ഫിലിം മേക്കിംഗ് അതിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. എന്നാൽ ഈ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിന് ചലച്ചിത്ര പ്രവർത്തകർ മറ്റു വിഷയങ്ങളിൽ നിന്നുള്ള മറ്റു ആളുകളുമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ആവേശകരമായിരിക്കുമെന്നും അവർ പറഞ്ഞു. 
ആനിമേഷൻ, ഡോക്യുമെന്ററികൾ, പ്രണയകഥകൾ, അമൂർത്ത കലകൾ, സ്ഥലം, സമയം, വികാരങ്ങൾ എന്നിവയിലൂടെയുള്ള യാത്രകൾ പ്രേക്ഷകർക്ക് നവ്യാനുഭവമായിരിക്കും.
ചില അനുഭവങ്ങളിലെ കാഴ്ചക്കാർക്ക് തത്സമയ പ്രകടനത്തിൽ ഏർപ്പെടാനും കഴിയും. ഒരു കഥാപാത്രത്തെ സഹായിക്കുന്നതിൽ ഒരു സംവേദനാത്മക പങ്ക് വഹിക്കാൻ ഗെയിം എൻജിൻ കൺട്രോളറുകൾ ഉപയോഗിക്കുന്നു.


ഇതോടകം പതിമൂന്ന് പ്രോജക്ടുകൾ റോസെന്തൽ ചെയ്തിട്ടുണ്ട്. 2020 ൽ നിർമിച്ച മറ്റു എട്ട് റിയാലിറ്റികൾ വ്യത്യസ്ത ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും അവാർഡുകൾ നേടുകയും ചെയ്തു. വെനീസ് ഫിലിം ഫെസ്റ്റിവലിലെ പ്രധാന അവാർഡ് ജേതാക്കളായ മൂന്ന് പ്രോജക്റ്റുകൾ തങ്ങളുടെ പക്കലുണ്ടെന്നും അവർ പറഞ്ഞു. 
വി.ആർ പോലുള്ള ഒരു സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് ഗെയിം ഡിസൈൻ, ആർക്കിടെക്ചർ, സ്‌പേഷ്യൽ ഡിസൈൻ എന്നിങ്ങനെയുള്ള മേഖലകളിൽ കഴിവുകൾ ആവശ്യമാണ്. 
വ്യത്യസ്ത സ്രഷ്ടാക്കൾക്കും കഥാകൃത്തുക്കൾക്കും ചലച്ചിത്ര പ്രവർത്തകർക്കും ഇതൊരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്നാൽ വെർച്വൽ റിയാലിറ്റിയുടെ പുതിയ കാര്യം അത് വ്യത്യസ്ത കലാപരമായ മാധ്യമങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു എന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.

ഹയ്യ് ജമീൽ വേദിയിൽ 14 ബൂത്തുകൾ ഉണ്ട്. അവിടെ പ്രേക്ഷകർക്ക് 21 പ്രോജക്റ്റുകളിൽ ഏതെങ്കിലും കാണാൻ ഒരു മണിക്കൂർ സ്ലോട്ട് ബുക്ക് ചെയ്യാം. ഒട്ടുമിക്ക പ്രോജക്ടുകളും കവർ ചെയ്യുന്നതിനുള്ള ദൈർഘ്യമേറിയ ബുക്കിംഗുകളും ലഭ്യമാണ്.

റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന പതിപ്പ് വളർന്നുവരുന്ന പ്രതിഭകളെ പിന്തുണയ്ക്കുകയും അറബ്, ലോക സിനിമകളിലെ മികച്ച സിനിമകളെ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ജിദ്ദ ഓൾഡ് ടൗണിൽ 2021 ഡിസംബർ 15 വരെ പ്രദർശിപ്പിക്കുകയും ചെയ്യും. 

Latest News