Sorry, you need to enable JavaScript to visit this website.

പ്രിയങ്ക വന്ന ദിവസം ഗോവയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടരാജി

പനജി- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എത്തിയ ദിവസം തന്നെ ഒരു സംഘം നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചത് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കി. തെരഞ്ഞെടുപ്പില്‍ സമാനമനസ്‌ക്കരുമായി സഖ്യമുണ്ടാക്കുന്നതിനും പാര്‍ട്ടിയെ ഒരുക്കാനും ചര്‍ച്ചകള്‍ നടത്താനാണ് പ്രിയങ്ക വെള്ളിയാഴ്ച ഗോവയില്‍ എത്തിയത്. ഇതിനിടെയാണ് പൊര്‍വോറിം മണ്ഡലത്തിലെ ഒരു സംഘം കോണ്‍ഗ്ര്‌സ നേതാക്കള്‍ രാജിവച്ചത്. സ്വതന്ത്ര എംഎല്‍എ രോഹന്‍ ഖവുന്തെയുടെ പിന്തുണ ഇവര്‍ക്കുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി ഗൗരവത്തിലെടുക്കുന്നില്ല എന്നാണ് രാജിവച്ചവരുടെ പരാതി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അത്ര താല്‍പര്യം കാണുന്നില്ല, ചില നേതാക്കളുടെ മനോഭാവം കാരണം പാര്‍ട്ടി നിര്‍ജീവമായിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. 

ഇതിനിടെയാണ് സൗത്ത് ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മൊറിനോ റെബെലോയും രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടും കുര്‍ട്ടോറിമിലെ സിറ്റിങ് എംഎല്‍എ അലെക്‌സിയോ റെജിനാള്‍ഡോയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതാണ് മൊറിനോയെ ചൊടിപ്പിച്ചത്. നാലര വര്‍ഷത്തോളമായി ഒരു പാര്‍ട്ടി പരിപാടിയിലും ഈ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി സഖ്യം വിട്ട ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടമായി കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിട്ടുണ്ടെങ്കിലും എങ്ങനെയാണ് നീക്കുപോക്കുകള്‍ എന്നതു സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത ഉണ്ട്. ഇതിനിടെയാണ് നേതാക്കളുടെ രാജി. ജിഎഫ്പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ഈ ഘട്ടത്തില്‍ സഖ്യം എങ്ങനെ ആയിരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് ഗോവ ചുമതലയുള്ള മുതിര്‍ന്ന നേതാവ് പി ചിദംബരം പറയുന്നത്.
 

Latest News