ന്യൂദല്‍ഹി- ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് പുറപ്പെടുവിച്ച ശേഷം തന്റെ നേതൃത്വത്തില്‍ ജഡ്ജിമാര്‍ ഡിന്നര്‍ കഴിച്ച് ആഘോഷിച്ചുവെന്ന മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ വെളിപ്പെടുത്തല്‍ വിവാദമായി. മുന്‍ ചീഫ് ജസ്റ്റ്സിന്റെ ആത്മകഥയിലാണ് ഇതിന്റെ ചിത്രങ്ങളും പരാമര്‍ശങ്ങളുമുള്ളത്. ആക്ടിവിസ്റ്റുകളും നിരീക്ഷകരും ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
വിവാദ ഉത്തരവ് പുറപ്പെടുവിച്ച ദിവസം വൈകുന്നേരം തന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിനെ അത്താഴത്തിന് ക്ഷണിച്ച കാര്യമാണ് പുസ്തകത്തില്‍ പറയുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള വിധി 2019 നവംബറിലായിരുന്നു.
ദല്‍ഹിയിലെ താജ് മാന്‍സിംഗ് ഹോട്ടലിലായിരുന്നു അത്താഴ വിരുന്ന്. ജസ്റ്റിസ് ഗൊഗോയിയും മറ്റ് നാല് ജഡ്ജിമാരും കൈകോര്‍ത്ത് നില്ക്കുന്ന ചിത്രവും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
വിധി വന്നതിന് ശേഷം ഒന്നാം നമ്പര്‍ കോടതിക്ക് പുറത്തുള്ള ജഡ്ജിമാരുടെ ഗാലറിയില്‍ ഫോട്ടോ സെഷന് സംഘടിപ്പിച്ചു. വൈകുന്നേരം ഞാന്‍ ജഡ്ജിമാരെ അത്താഴത്തിന് താജ് മാന്‍സിംഗ് ഹോട്ടലിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണം കഴിച്ചു, അവിടെ ലഭ്യമായതില്‍ വെച്ച് ഏറ്റവും മികച്ച ഒരു കുപ്പി വൈന്‍ പങ്കിട്ടു- ജസ്റ്റിസ് ഫോര്‍ ദി ജഡ്ജ് എന്ന പുസ്തകത്തില്‍ ജസ്റ്റിസ് ഗൊഗോയ് എഴുതി.
ജസ്റ്റിസ് ഗൊഗോയിയെ കൂടാതെ അന്നത്തെ നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, എസ് അബ്ദുള്‍ നസീര്‍ എന്നിവാണ് ബെഞ്ചിലുണ്ടായിരുന്നത്.
ഒരു വിധി ആഘോഷിക്കുകയും അതേക്കുറിച്ച് പുസ്തകത്തില്‍ കൊട്ടിഘോഷിക്കുകയും ചെയ്തതിനെയാണ് നിരീക്ഷകരും ആക്ടിവിസ്റ്റുകളും ചോദ്യം ചെയ്യുന്നത്. ചോദ്യങ്ങള്‍ ഉന്നയിച്ചു. പ്രത്യേക തരത്തില്‍ വിധി പുറപ്പെടുവിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് വിധി ആഘോഷിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് നിരവധി പേര് അഭിപ്രായപ്പെട്ടു.