Sorry, you need to enable JavaScript to visit this website.

സൗഹൃദത്തിന്റെ കഥ പറഞ്ഞ് നൈബേഴ്‌സ്

മനോ ഖലീൽ

ജിദ്ദ- ഒട്ടേറെ രാജ്യാന്തര ഫിലിം മേളകളിൽ പ്രശംസ പിടിച്ചുപറ്റിയ നൈബേഴ്‌സ് ഇന്ന് പ്രദർശിപ്പിക്കും. മനോ ഖലീൽ സംവിധാനം ചെയ്ത നൈബേഴ്‌സ് ഇതോടകം നിരവധി ലോക ചലച്ചിത്രോത്സവത്തിൽ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയതാണ്. സൗദിയിൽ നടക്കുന്ന പ്രഥമ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കുക എന്നത് ചരിത്രത്തിന്റെ ഭാഗമാകുന്നതിന്റെ സന്തോഷം പകരുന്നതായി മനോ ഖലീൽ മലയാളം ന്യൂസിനോട് പറഞ്ഞു. ഹ്യൂമറും ആക്ഷേപ ഹാസ്യവും കൂടിച്ചേർന്നുള്ള നൈബേഴ്‌സിന് ഇതോടകം നിരവധി രാജ്യാന്തര മേളകളിൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജേ അബദു, ഷെഹർസാദ് അബ്ദുല്ല, അബ്ദുസലാം, സുലൈമാൻ ആബിദ് തുടങ്ങിയ താരങ്ങളാണ് ഈ സിനിമയിൽ അഭിനയിച്ചത്. കുർദിഷ്-സ്വിസ് സിനിമാ സംവിധായകനായ മനോ സിറിയയിലെ കുർദിസ്ഥാനിലാണ് ജനിച്ചത്. പിന്നീട് സ്വിറ്റ്‌സർലന്റിലേക്ക് മാറി. ദമാസ്‌കസ് യൂനിവേഴ്‌സിറ്റിയിൽനിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് മനു ചെകോസ്ലാവിയയിലേക്ക് സിനിമാ പഠനത്തിന് പോയത്. 1987 മുതൽ 1994 വരെയായിരുന്നു പഠനം. 1996 മുതൽ സ്വിറ്റ്‌സർലന്റിലാണ് താമസം. 2012 ൽ ബേണിൽ ഫ്രെയിം ഫിലിം പ്രൊഡക്ഷൻ എന്ന പേരിൽ പ്രൊഡ്ക്ഷൻ കമ്പനി സ്ഥാപിച്ചു. കഴിഞ്ഞ മുപ്പതു വർഷമായി മനു സിനിമാ മേഖലയിലുണ്ട്. നൈബേഴ്‌സ് പൂർണമായും ഇറാഖിലാണ് ചിത്രീകരിച്ചത്. സിറിയയിൽ സിനിമ ചിത്രീകരിക്കാനായിരുന്നു ആഗ്രഹമെങ്കിലും അതിന് സാധിച്ചില്ലെന്നും തുടർന്നാണ് ഇറാഖിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഷെങ്ഹായി ഫിലിം ഫെസ്റ്റിവെൽ, ബൊക്കാർണോ ഫിലിം ഫെസ്റ്റിവെൽ തുടങ്ങി ഇരുപതിലേറെ രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. കൊറിയൻ ഫെസ്റ്റിവെലിൽ അവാർഡും ലഭിച്ചു. 
സിറിയൻ അതിർത്തി ഗ്രാമങ്ങളിലൊന്നിൽ 80 കളിൽ നടന്ന സംഭവമാണ് സിനിമയുടെ ഇതിവൃത്തം. സ്വന്തം ജീവിതം തന്നെയാണ് സിനിമയുടെ കഥാതന്തുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യാതിർത്തികൾ മനുഷ്യരെ വെറുക്കാൻ പഠിപ്പിക്കുന്നതിനെതിരെയുള്ള ഓർമപ്പെടുത്തൽ കൂടിയാണ് നൈബേഴ്‌സ്. 
ഫിലിം ഫെസ്റ്റിവെൽ വേദിക്ക് മുന്നിൽ തന്റെ സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്നതിനിടെയാണ് മനോ ഖലീൽ മലയാളം ന്യൂസുമായി സംസാരിച്ചത്. സിനിമ മാത്രമാണ് മനു ഖലീലിന്റെ ജീവതാളം. ഇനിയും ഒട്ടേറെ സിനിമാ സ്വപ്നങ്ങളുണ്ടെന്നും അതെല്ലാം പ്രാവർത്തികമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Latest News