ഊട്ടി- ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിഖയുടെയും മറ്റ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. മറ്റ് തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബ്രിഗേഡര്‍ എല്‍എസ് ലിദ്ദറിന്റെയും പൈലറ്റുമാരുടെതുമാണ്. ഇന്നലെയുണ്ടായ അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന പതിനാല് പേരില്‍ പതിമൂന്ന് പേരും മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ വരുണ്‍ സിങ് വെല്ലിങ് ടണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് മൃതദേഹങ്ങള്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിനായി കോയമ്പത്തൂരിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്‌നാട്ടിലെ വെല്ലിങ് ടണിലുള്ള മദ്രാസ് റെജിമെന്റ് സെന്ററില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം റോഡ് മാര്‍ഗം സുലൂര്‍ എയര്‍ബേസില്‍ എത്തിക്കും.കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്ത് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി ഉള്‍പ്പടെയുള്ള 25 അംഗ സംഘം നടത്തിയ പരിശോധനയില്‍ തകര്‍ന്ന ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ (എഫ്ഡിആര്‍) കണ്ടെത്തിയിരുന്നു. ഹെലികോപ്റ്റര്‍ ബുധനാഴ്ച രാവിലെ സൂലൂര്‍ എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന് കൂനൂരില്‍ ഇറങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് തകര്‍ന്നുവീഴുകയായിരുന്നു.