മുംബൈ-ബോളിവുഡില്‍ തുടക്ക കാലത്ത് പിതാവുമായി താരതമ്യപ്പെടുത്തി ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ട താരപുത്രന്മാരില്‍ ഒരാളായിരുന്നു അഭിഷേക് ബച്ചന്‍. പിന്നീട് അവയെല്ലാം അതിജീവിച്ച് ബോളിവുഡില്‍ മുന്‍നിര താരമായി അഭിഷേക് മാറി. റെഫ്യൂജി എന്ന ആദ്യ സിനിമയുടെ പ്രദര്‍ശനം കാണാനെത്തിയപ്പോള്‍ യഷ് ചോപ്ര അടക്കമുള്ളവര്‍ തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് അഭിഷേക് മനസ് തുറന്നത്. ദി രണ്‍വീര്‍ ഷോ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം സിനിമാ ജീവിതത്തെ കുറിച്ചും അച്ഛനില്‍ നിന്നും പഠിച്ച പാഠങ്ങളെ കുറിച്ചും പറഞ്ഞത്.
എന്റെ ആദ്യ സിനിമയായ റഫ്യൂജിയുടെ പ്രീമിയര്‍ ദക്ഷിണ മുംബൈയിലെ ലിബര്‍ട്ടി തിയേറ്ററില്‍ വെച്ചായിരുന്നു. അകത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് യഷ് ചോപ്ര അവിടെ നില്‍ക്കുന്നത് കണ്ടത്. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ അനുഗ്രഹം വാങ്ങി. അപ്പോള്‍ എന്നെ കെട്ടിപിടിച്ചുകൊണ്ട് അദ്ദേഹം എന്റെ ചെവിയില്‍ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. നിന്റെ അച്ഛന്‍ നിന്നെ ഇവിടെ വരെ എത്തിച്ചിരിക്കുന്നു. അത് ഓര്‍ക്കണം. ബഹുമാനിക്കണം. ഇവിടം മുതല്‍ നിനക്ക് സ്വന്തം കാലുകളില്‍ മുന്നോട്ട് നടക്കേണ്ടതായിട്ടുണ്ട്. നിരവധി ചിത്രങ്ങളില്‍ നിന്ന് ഞാന്‍ മാറ്റപ്പെട്ടിട്ടുണ്ട്. എന്നെ വിളിച്ചിരുന്ന നിര്‍മാതാക്കള്‍ എന്റെ സിനിമകള്‍ വിജയിക്കാതായതോടെ എന്റെ ഫോണ്‍ എടുക്കാതിരുന്നിട്ടുണ്ട്. എന്നെ തിരിച്ചുവിളിക്കാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല. അത് പക്ഷേ നിങ്ങള്‍ വ്യക്തിപരമായി എടുക്കരുത്. നിങ്ങള്‍ക്ക് മൂല്യമുണ്ടെങ്കില്‍ അവര്‍ നിങ്ങളെ വിളിക്കും' അഭിഷേക് പറയുന്നു.