മുംബൈ- ദേശീയ വിമാന കമ്പനി ആയിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്ത ശേഷം പുതിയ കമ്പനി നേതൃത്വത്തെ നിയമിക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവമായി. കമ്പനി സിഇഒ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അടക്കമുള്ള ഉന്നത പദവികളിലേക്കാണ് ഈ രംഗത്തെ പ്രമുഖരെ നിയമിക്കാന്‍ ടാറ്റ ഒരുങ്ങുന്നത്. ടാറ്റയ്ക്കുള്ളിലുള്ള ഉന്നതരേയും കമ്പനിക്ക് പുറത്തു നിന്നുള്ള പ്രമുഖരേയും പരിഗണിക്കുന്നതായാണ് റിപോര്‍ട്ട്. അമേരിക്കന്‍ വിമാന കമ്പനിയായ വിര്‍ജിന്‍ അമേരിക്കയുടെ മുന്‍ സിഇഒയും എയര്‍ ബിഎന്‍ബി, ബൊംബാര്‍ഡിയര്‍ തുടങ്ങിയ കമ്പനികളില്‍ ഉന്നത പദവി വഹിച്ചയാളുമായ അമേരിക്കക്കാരന് ഫ്രെഡ് റീഡ് ആണ് ടാറ്റ പരിഗണനയിലുള്ള ഒരാള്‍. നേരത്തെ യുഎസില്‍ ബാങ്കറായിരുന്ന, ഇപ്പോള്‍ ടാറ്റ ഉദ്യോഗസ്ഥനായ നിപുണ്‍ അഗര്‍വാളാണ് മറ്റൊരാളെന്നും ടാറ്റയ്ക്കുള്ളില്‍ നടക്കുന്ന സ്വകാര്യ ചര്‍ച്ചകളെ കുറിച്ചറിയുന്നവരെ ഉദ്ധരിച്ച് ഇക്കണൊമിക് ടൈംസും ബിസിനസ് ലൈനും റിപോര്‍ട്ട് ചെയ്തു. ഫ്രെഡ് റീഡി എയര്‍ ഇന്ത്യയുടെ സിഇഒയും നിപുണ്‍ അഗര്‍വാള്‍ സിഎഫ്ഒയും ആയേക്കുമെന്നാണ് സൂചന.
അതേസമയം ടാറ്റ ഇതു സംബന്ധിച്ച് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്നും എയര്‍ ഇന്ത്യയെ പൂര്‍ണമായും ഏറ്റെടുക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാതെ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ കമ്പനി ഒരുക്കമല്ല. ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ടാറ്റ വക്താവ് പറഞ്ഞത്. പുതിയ റിപോര്‍ട്ട് സംബന്ധിച്ച് റീഡും അഗര്‍വാളും പ്രതികരിച്ചിട്ടില്ല.
2007ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയന ശേഷം ഇതുവരെ ഒരിക്കലും ലാഭമുണ്ടാക്കിയിട്ടില്ലാത്ത എയര്‍ ഇന്ത്യയെ ലാഭത്തിലാക്കുകയാണ് ടാറ്റയുടെ വെല്ലുവിളി. സിംഗപൂര്‍ എയര്‍ലൈന്‍സുമായും എയര്‍ ഏഷ്യയുമായും ചേര്‍ന്ന് ടാറ്റ നടത്തി വരുന്ന രണ്ട് സംയുക്ത വിമാന കമ്പനികളും ലാഭത്തിലല്ല. എയര്‍ ഇന്ത്യയെ ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ തങ്ങളുടെ ഏവിയേഷന്‍ ബിസിനസിനെ ഒരു കുടക്കീഴില് കൊണ്ടുവരാനാണ് ടാറ്റയുടെ പദ്ധതി. ഇതിനു മുമ്പായി എയര്‍ ഇന്ത്യാ തൊഴിലാളി യൂണിയനുമായുള്ള പ്രശ്നങ്ങളും ടാറ്റയ്ക്ക് തീര്‍ക്കാനുണ്ട്.