ആകാശം തെളിയുന്നു, പ്രതീക്ഷകളോടെ സംസ്ഥാനത്തെ റബർ കർഷക കുടുംബങ്ങൾ. പ്രതികൂല കാലാവസ്ഥയിൽ രണ്ട് മാസമായി സ്തംഭിച്ച റബർ ടാപ്പിങ് ഈ വാരം പുനരാരംഭിക്കാം. സംസ്ഥാനത്ത് നീണ്ട ഇടവേളയ്ക്ക് ശേഷം കാലാവസ്ഥയിൽ നേരിയ മാറ്റം കണ്ട് തുടങ്ങി. ന്യൂനമർദത്തിൽ നിന്നും ചക്രവാള ചുഴിയിൽ നിന്നും രക്ഷ നേടി ആകാശം തെളിഞ്ഞു തുടങ്ങിയത് റബർ ടാപ്പിങിന് പുനരാരംഭിക്കാൻ അവസരം സൃഷ്ടിക്കുമെന്ന വിശ്വാസത്തിലാണ് കർഷകർ. ഒട്ടുമിക്ക തോട്ടങ്ങളിൽ നിന്നും ഏതാനും ആഴ്ചകളായി ഉൽപാദകർ വിട്ടുനിൽക്കുന്നതിനാൽ കാർഷിക മേഖലയിൽ റബർ സ്റ്റോക്കില്ല. നിലവിലെ സ്ഥിതിഗതി വിലയിരുത്തിയാൽ ഇക്കുറി ക്രിസ്മസിന് മുമ്പുള്ള വിൽപന സമ്മർദവും വിപണിയിൽ അനുഭവപ്പെടില്ല. അതേസമയം വിദേശ അവധി വ്യാപാര രംഗത്തെ തളർച്ച മറയാക്കി ടയർ ലോബി ആഭ്യന്തര വില ഇടിച്ചു. 19,300 ൽ വ്യാപാരം തുടങ്ങിയ നാലാം ഗ്രേഡ് വാരാന്ത്യം 18,600 ലേയ്ക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡിന് 600 രൂപ കുറഞ്ഞ് 18,000-18,400 രൂപയായി.
ഇന്ത്യൻ കുരുമുളക് സാങ്കേതിക തിരുത്തലുകൾക്കു ശേഷം കരുത്ത് തിരിച്ചു പിടിക്കാനുള്ള തയാറെടുപ്പിലാണ്. ഗാർബിൾഡ് മുളക് 54,600 ൽ നിന്ന് 53,600 ലേക്ക് താഴ്ന്ന ശേഷം ശനിയാഴ്ച 53,800 ലാണ്. കുരുമുളക് ക്ഷാമം രൂക്ഷമായതിനാൽ കാര്യമായ തിരുത്തലിന് വിപണിക്ക് അവസരം ലഭിച്ചില്ല.
ഉത്തരേന്ത്യൻ ലോബി ചരക്ക് സംഭരിക്കാൻ ഒരു വശത്ത് മത്സരിക്കുന്നു, അവരുടെ പല ഗോഡൗണുകളിലും കാര്യമായി മുളകില്ലെന്നാണ് സൂചന. അടുത്ത സീസണിൽ ഉൽപാദനം കുറയുമെന്നതിനാൽ പരമാവധി മുളക് ശേഖരിക്കാൻ ശ്രമം നടത്തുന്നുണ്ട്. അൺ ഗാർബിൾഡ് കുരുമുളക് 51,800 രൂപ.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 7500 ഡോളർ. മലേഷ്യ 5200 ഡോളറിനും ബ്രസീൽ 4200 ഡോളറിനും വിയറ്റ്‌നാം 4300 ഡോളറിനും ഇന്തോനേഷ്യ 4500 ഡോളറിനും ശ്രീലങ്ക 5500 ഡോളറിനും ക്വട്ടേഷൻ ഇറക്കി. പ്രദേശിക വിപണികളിൽ വെളിച്ചെണ്ണക്ക് ആവശ്യക്കാർ കുറഞ്ഞത് നാളികേരോൽപന്ന വിപണിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാവും. അതേസമയം ദക്ഷിണേന്ത്യയിൽ കൊപ്രയുടെ ലഭ്യത കുറഞ്ഞത് മില്ലുകാരെ അസ്വസ്ഥരാക്കുന്നു. ഒരു മാസത്തിൽ ഏറെയായി വിപണി സ്‌റ്റെഡി നിലവാരത്തിലാണ്. മാസാരംഭ ഡിമാന്റ് എണ്ണ വിപണിക്ക് പുതുജീവൻ പകരുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റതോടെ ക്വിൻറ്റലിന് 100 രൂപ കുറഞ്ഞു. അതേ സമയം കൊപ്ര ക്ഷാമം വിപണിക്ക് താങ്ങ് പകർന്നു. കാങ്കയത്ത് കൊപ്ര ക്വിന്റലിന് 10,200 ൽ നിന്ന് 10,300 ലേയ്ക്ക് കയറി. കൊച്ചിയിൽ എണ്ണയ്ക്ക് 100 രൂപ കുറഞ്ഞ് 16,300 രൂപയായി. അതേ സമയം കൊച്ചിയിൽ തുടർച്ചയായ അഞ്ചാം വാരത്തിലും കൊപ്ര 10,050 രൂപയിൽ നിലകൊണ്ടു.
കേരളത്തിലെ ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില പവന് 36,040 രൂപയിൽ നിന്ന് 35,560 ലേയ്ക്ക് താഴ്‌ന്നെങ്കിലും ശനിയാഴ്ച പവൻ 35,800 ലാണ് വ്യാപാരം നടന്നത്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1791 ഡോളറിൽ നിന്ന് 1782 ഡോളറായി.