ന്യൂദല്‍ഹി-രാജ്യത്ത് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിന് നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജീവനക്കാരുടെ ജോലി സമയം, ഇന്റര്‍നെറ്റ്, വൈദ്യുതി നിരക്ക് ആരു വഹിക്കണം തുടങ്ങിയ കാര്യങ്ങൡ കൃത്യമായ വ്യവസ്ഥ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
വര്‍ക്ക് ഫ്രം ഹോമിലൂടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.
കോവിഡ് വ്യാപനത്തിനു പിന്നാലെ രാജ്യത്ത് വ്യപകമായ വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ചട്ടക്കൂടും വ്യവസ്ഥയും ഏര്‍പ്പെടുത്താനുള്ള നീക്കം. ജീവനക്കാര്‍ എത്ര മണിക്കൂര്‍ വീടികുളിലിരുന്ന് ജോലി ചെയ്യേണ്ടിവരും, വീടുകളിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന വൈദ്യുതി, ഇന്റര്‍നെറ്റ് ചെലവുകള്‍ ആരു വഹിക്കും തുടങ്ങിയ വിഷയങ്ങളില്‍ ഇതോടെ വ്യക്തതയുണ്ടാകും.
കഴിഞ്ഞ ജനുവരി മുതലാണു സര്‍ക്കാര്‍ സ്ഥാപങ്ങളിലെ ജീവനക്കാര്‍ക്കു വ്യവസ്ഥകള്‍ക്കു വിധേയമായി വര്‍ക്ക് ഫ്രം ഹോം രീതിക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനു മുമ്പുതന്നെ നിബന്ധനകള്‍ക്കു വിധേയമായി പല ഐടി കമ്പനികളും വര്‍ക്ക് ഫ്രം ഹോം രീതി നടപ്പിലാക്കിയിരുന്നു.
ജനുവരിയില്‍ പുറത്തിറക്കിയ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം സേവന മേഖലയിലാണ് ഈ സംവിധാനം അനുവദിച്ചിരുന്നത്. തുടര്‍ന്ന് തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നും തൊഴില്‍ സമയത്തെ കുറിച്ച് വ്യക്തയില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.