ന്യൂദൽഹി- പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) തട്ടിപ്പ് സംബന്ധിച്ച് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായതിനിടെ, കേസിൽ മൂന്നു പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പി.എൻ.ബി മുൻ ഡെപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടി, ബാങ്കിലെ ഏകജാലക ഓപറേറ്റർ മനോജ് ഖരാട്ട്, നീരവ് മോഡി ഗ്രൂപ്പിനു വേണ്ടി രേഖകളിൽ ഒപ്പിട്ട പ്രതിനിധി ഹേമന്ത് ഭട്ട് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്ത സി.ബി.ഐ ഇവരെ പ്രത്യേക കോടതിയിൽ ഹാജരാക്കി. ഇവരുടെ വീടുകളിൽ റെയ്ഡും നടത്തി.
രാജ്യവ്യാപകമായി പലയിടത്തായുള്ള ഗീതാഞ്ജലി ജെംസ് ഷോറൂമുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ റെയ്ഡ് നടത്തി. ഗീതാഞ്ജലി പ്രൊമോട്ടറും മോഡിയുടെ അമ്മാവനുമായ മെഹുൽ ചോക്‌സിയും രണ്ട് പി.എൻ.ബി ഉദ്യോഗസ്ഥരും ഉൾപ്പെടെ 16 പേർക്കെതിരെ സി.ബി.ഐ വെള്ളിയാഴ്ച പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോടികളുടെ ബാങ്ക് തട്ടിപ്പു നടത്തി രാജ്യം വിട്ട നീരവ് മോഡിയെച്ചൊല്ലി ഭരണ, പ്രതിപക്ഷ പോര് മുറുകുകയാണ്. നീരവ് മോഡി പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും അടുപ്പക്കാരനാണെന്നും സർക്കാർ ഈ വിഷയത്തിൽ കണ്ണടക്കുകയുമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വിവാദ ആഭരണ വ്യാപാരികളുമായി ബന്ധമുണ്ടെന്നും നീരവ് മോഡിയുടെ വ്യാപാരത്തിൽ കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വിയുടെ ഭാര്യക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നും ബി.ജെ.പി തിരിച്ചടിച്ചു. പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ ആരോപണം നിഷേധിച്ച സിംഗ്‌വി മാനനഷ്ടക്കേസ് കൊടുക്കുമെന്നു മുന്നറിയിപ്പു നൽകി.
പ്രധാനമന്ത്രി മോഡി ഇന്ത്യയുടെ സാമ്പത്തിക സംവിധാനം തകർത്തെന്ന് രാഹുൽ ഗാന്ധി ആക്ഷേപിച്ചു. മോഡി ജനങ്ങളുടെ പോക്കറ്റിൽനിന്ന് പണമെടുത്ത് ബാങ്കിലിട്ടു. ഇപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഇഷ്ടക്കാരായ വ്യവസായികളും ചേർന്ന് ബാങ്കുകൾ കൊള്ളയടിക്കുന്നു
-രാഹുൽ പറഞ്ഞു. തട്ടിപ്പിലുൾപ്പെട്ട വ്യവസായി നീരവ് മോഡിയുമായി തനിക്ക് ബന്ധമുണ്ടെന്ന ബി.ജെ.പിയുടെ ആരോപണം ശ്രദ്ധ തിരിക്കാനാണ്. ഇത്തരം കൊള്ളയാരംഭിച്ചത് പ്രധാനമന്ത്രി 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതോടെയാണ്. പൊതുപണമെടുത്ത് മോഡി ബാങ്കുകളിലിട്ടപ്പോൾ നീരവ് മോഡി 20,000 കോടി രൂപയുമായാണ് രാജ്യം വിട്ടതെന്ന് രാഹുൽ പറഞ്ഞു.
കള്ളൻമാർ രാജ്യത്തെ കൊള്ളയടിച്ചു നാടുവിടുമ്പോൾ കാവൽക്കാരനായ പ്രധാനമന്ത്രി ഉറങ്ങിക്കിടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചങ്ങാത്ത മുതലാളിത്തത്തെ സ്ഥാപനവൽക്കരിക്കുകയാണെന്നും സിബൽ പറഞ്ഞു.
പ്രധാനമന്ത്രിയും സർക്കാരും കൂടി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ മുട്ടുകുത്തിച്ചു. മോഡിയുടെ ഭരണത്തിൽ ഇന്ത്യയുടെ പ്രതിഛായ അന്താരാഷ്ട്ര തലത്തിൽ ഇടിഞ്ഞതായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല, ശക്തി സിംഗ് കോഹ്ലി, പവൻ ഖേര, കപിൽ സിബൽ എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. മോഡിക്കൊപ്പം വിദേശ ടൂറുകൾക്ക് അനുഗമിച്ചവരുടെ വിശദവിവരങ്ങൾ വ്യക്തമാക്കുമോ എന്നും അവർ ചോദിച്ചു.
അതേസമയം, കോൺഗ്രസ് രാജ്യം ഭരിച്ചിരുന്ന കാലത്തെ മോശം പ്രവണതകൾ ബി.ജെ.പി തുടച്ചു നീക്കിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വിക്ക് നീരവ് മോഡിയും മുകുൾ ചോസ്‌കിയും ഉൾപ്പെട്ട ജ്വല്ലറി വ്യാപാരികളുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവുകളും മന്ത്രി പുറത്തുവിട്ടു. കോൺഗ്രസാണ് ഇവർക്കൊക്കെ കെട്ടിടങ്ങൾ വാടകക്കു നൽകിയതെന്നും എന്നിട്ട് നിലവിലെ സർക്കാരിനെ കുറ്റം പറയുകയാണെന്നും നിർമല പറഞ്ഞു. സിംഗ്‌വിയുടെ ഭാര്യ അനിതക്ക് ഓഹരി പങ്കാളിത്തമുള്ള അദൈ്വത് ഹോൾഡിംഗ്‌സിൽനിന്നാണ് നീരവ് മോഡിയുടെ ഫയർസ്റ്റാർ ഡയമണ്ട്‌സ് കെട്ടിടങ്ങൾ വാടകക്കെടുത്തിരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്കെതിരേയും അത് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരേയും മാനനഷ്ടക്കേസ് നൽകുമെന്ന് സിംഗ്‌വി പറഞ്ഞു. ഗീതാഞ്ജലിയുമായോ നീരവ് മോഡിയുമായോ തനിക്കോ ഭാര്യക്കോ മക്കൾക്കോ ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.