ന്യൂദല്‍ഹി- ഛത്തീസ്ഗഢില്‍ പ്രലോഭനങ്ങളിലൂടെ ആദിവാസികളെ മതംമാറ്റുന്ന ക്രിസ്ത്യന്‍ മിഷനറിമാരാണ് നക്‌സലുകളേക്കാള്‍ അപകടകാരികളെന്ന് ബി.ജെ.പി എം.പി.
ലോക്‌സഭയിലെ ശൂന്യവേളയില്‍ ബി.ജെ.പിയുടെ റായ്ഗഢ് എം.പി ഗോമതി സായിയാണ് ഛത്തീസ്ഗഢിലെ മതപരിവര്‍ത്തന വിഷയം ഉന്നയിച്ചത്. ക്രൈസ്തവ മിഷനിറിമാരുടെ പ്രവര്‍ത്തനം രാജ്യത്തെ ആഭ്യന്തര സുരക്ഷയെ കൂടി ബാധിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു.
സുക്മ പോലീസ് സൂപ്രണ്ട് ക്രൈസ്തവ മിഷനിറിമാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കീഴുദ്യോഗസ്ഥര്‍ക്ക് അയച്ച കുറിപ്പ് സംസ്ഥാനത്ത് നിലവിലുള്ള അപകടകരമായ സാഹചര്യം വ്യക്തമാക്കുന്നതാണെന്ന് ഗോമതി സായി പറഞ്ഞു.
ബസ്തറില്‍ അക്രമ സംഭവങ്ങള്‍ ഇല്ലാതാക്കുന്നതിന് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ശ്രമങ്ങള്‍ക്ക് അവര്‍ നന്ദി പറഞ്ഞു. കേന്ദ്ര സേനകളുടെ സമ്മര്‍ദം കാരണം നക്‌സലുകള്‍ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായെന്ന് ഗോമതി സായി കൂട്ടിച്ചേര്‍ത്തു.